ലൊസാഞ്ചൽസ്: ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് കനത്ത തിരിച്ചടി. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം തനിക്ക് അണ്ഡാശയ കാൻസർ പിടിപ്പെട്ടുവെന്ന കലിഫോർണിയ സ്വദേശിയുടെ പരാതിയിൽ കോടതി 417 മില്യൻ യുഎസ് ഡോളർ (2600 കോടിയിലധികം രൂപ) കമ്പനിക്ക് പിഴ വിധിച്ചു.

11-ാം വയസ്സു മുതൽ താൻ ജോൺസൺ ആന്റ് ജോൺസൺ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമായിരുന്നുവെന്ന് 63 കാരിയായ കലിഫോർണിയ സ്വദേശിനി ഇവ പരാതിയിൽ പറയുന്നു. 2016 ൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം തനിക്ക് അണ്ഡാശയ കാൻസർ പിടിപെട്ടതായി മറ്റൊരു യുവതി വെളിപ്പെടുത്തിയതോടെയാണ് ഇവ ഉപയോഗിക്കുന്നത് നിർത്തിയതെന്നും ഇവയുടെ പരാതിയിലുണ്ട്. ജോൺസൺ ആന്റ് ജോൺസൺ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലമാണ് തനിക്ക് അണ്ഡാശയ കാൻസർ പിടിപ്പെട്ടതെന്നും ഉപയോക്താക്കളെ വഞ്ചിക്കുന്ന നടപടിയാണ് കമ്പനി സ്വീകരിക്കുന്നതെന്നും കോടതിയെ ഇവ അറിയിച്ചു. ഇവയുടെ വാദങ്ങൾ അംഗീകരിച്ച കോടതി കമ്പനിക്ക് വൻതുക പിഴയായി വിധിക്കുകയായിരുന്നു. ജോൺസൺ ആന്റ് ജോൺസൺ ഉൽപ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഫെഡറൽ കോടതികളിൽ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് കോടതി പിഴ വിധിക്കുന്നത് ഇതാദ്യമല്ല. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ വിര്‍ജീനിയ സ്വദേശിയായ യുവതിക്ക് 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 707 കോടി രൂപ )നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. യുഎസിലെ മിസോറി ജൂറിയാണ് ശിക്ഷ വിധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ