ബാംഗ്ലൂർ: കോവിഡ്-19 വാക്സിൻ ഇന്ത്യയിലേക്ക് വേഗത്തിൽ വിതരണം ചെയ്യുന്നതിന് ഇന്ത്യ സർക്കാരുമായി ചർച്ചയിലാണെന്ന് ജോൺസൺ ആൻഡ് ജോൺസൺ ചൊവ്വാഴ്ച പറഞ്ഞു. കമ്പനി നിർമിക്കുന്ന ഒറ്റ ഡോസ് കോവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നത്.
മറ്റു രാജ്യങ്ങളിലെ റെഗുലേറ്റർമാർ അംഗീകരിച്ച വാക്സിനുകൾ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെത്തുടർന്ന്, കമ്പനി വാക്സിന്റെ പ്രാദേശിക പരീക്ഷണങ്ങൾ നടത്തില്ലെന്ന് ഇക്കണോമിക് ടൈംസ് പത്രം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ട്രയലുകൾ ഉപേക്ഷിച്ചോ എന്ന് ജോൺസൺ ആൻഡ് ജോൺസൺ വ്യക്തമാക്കിയിട്ടില്ല.
ജാൻസെൻ കോവിഡ്-19 എന്ന ജോൺസൻ ആൻഡ് ജോൺസൺ വാക്സിന്റെ ക്ലിനിക്കൽ പരിശോധനകൾ ഇന്ത്യയിൽ നടത്താൻ അനുമതി തേടിയിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായ കമ്പനി ഏപ്രിലിൽ പറഞ്ഞിരുന്നു. എന്നാൽ മേയിൽ ഇന്ത്യ മറ്റു രാജ്യങ്ങളിൽ അംഗീകരിച്ച വാക്സിനുകൾ ഇന്ത്യയിൽ ട്രയലുകൾ നടത്തേണ്ടതില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Read Also: കോവിഡ് ബാധിത മേഖലയ്ക്ക് 1.1 ലക്ഷം കോടിയുടെ വായ്പാ പദ്ധതി
അതേസമയം, പരിമിതമായ അടിയന്തര ഉപയോഗത്തിനായി മൊഡേണയുടെ കോവിഡ് -19 വാക്സിൻ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാൻ മരുന്നു കമ്പനിയായ സിപ്ലയ്ക്ക് അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയ വിവരം വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ മരുന്നു കുത്തകയായ മോഡേണയുടെ കോവിഡ് -19 വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി തേടി സിപ്ല തിങ്കളാഴ്ചയാണ് അപേക്ഷ നൽകിയത്. ആഗോള സംഘടനയായ കോവാക്സ് മുഖേനെ നിശ്ചിത ഡോസ് വാക്സിൻ ഇന്ത്യയ്ക്കു സംഭാവന നൽകാൻ അമേരിക്കൻ ഭരണകൂടം സന്നദ്ധത അറിയിച്ചതായി മൊഡേണ നേരത്തേ വ്യക്തമാക്കിയിരുന്നു.