സൂപ്പര്‍കാറുകളില്‍ ഏറെ ആരാധകരുളള കാറാണ് ഫോര്‍ഡ് ജിടി. തിരഞ്ഞെടുത്ത 500 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സൂപ്പര്‍കാറിനെ ഫോര്‍ഡ് നല്‍കിയത്. ഫോര്‍ഡ് ജിടി വാങ്ങാന്‍ ‘യോഗ്യന്മാരെന്ന്’ കമ്പനി നിശ്ചയിച്ച 500 ഉപഭോക്താക്കളില്‍ ഒരാളായിരുന്നു മുന്‍ ഡബ്ല്യൂ ഡബ്ല്യൂ താരം ജോണ്‍ സീന.

എന്നാല്‍ കിട്ടിയതിന് പിന്നാലെ ഫോര്‍ഡ് ജിടി സൂപ്പര്‍കാറിനെ ജോണ്‍ വിറ്റതിനെതിരെ കമ്പനി ഇപ്പോള്‍ കോടതി കയറിയിരിക്കുകയാണ്. അത്യപൂര്‍വമായ സൂപ്പര്‍കാറിനെ വാങ്ങിയതിലും ഉയര്‍ന്ന വിലയ്ക്കാണ് താരം വിറ്റത്. യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി വരെ നല്‍കി അത്യപൂര്‍വമായ ലിമിറ്റഡ് എഡിഷന്‍ കാറുകളെ അതത് ഉടമസ്ഥരില്‍ നിന്നും സ്വന്തമാക്കാന്‍ ‘അയോഗ്യരായ’ മറ്റ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കള്‍ വില്‍പനകരാര്‍ കൊണ്ടുവന്നിരുന്നു.

ഇത് പ്രകാരം കാര്‍ വാങ്ങി കുറഞ്ഞത് 24 മാസം കഴിഞ്ഞതിന് ശേഷം മാത്രമേ ഫോര്‍ഡ് ജിടി വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഈ കരാര്‍ ലംഘിച്ചെന്നാണ് ഫോര്‍ഡിന്റെ വാദം. പോര്‍ഷ, ഫെരാരി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉള്‍പ്പെടുന്ന മുന്‍നിര കാർനിര്‍മ്മാതാക്കളെല്ലാം ഈ രീതി പിന്തുടരുന്നുണ്ട്. 2017 സെപ്റ്റംബര്‍ 23 നാണ് ഫോര്‍ഡ് ജിടി ജോണ്‍ സീന സ്വന്തമാക്കിയത്. പിന്നാലെ 2017 ഓക്ടോബര്‍ 20 ന് സൂപ്പര്‍കാര്‍ മറിച്ച് വിറ്റതായി ജോണ്‍ സീന കമ്പനി അധികൃതരെ ഫോണിലൂടെ അറിയിക്കുകയായിരുന്നു.

ഫോര്‍ഡ് ജിടിയുടെ വില്‍പനയില്‍ നിന്നും നേടിയ ലാഭം ഫോര്‍ഡിന് തിരികെ ഏല്‍പിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഒപ്പം കമ്പനിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് 75,000 ഡോളര്‍ നഷ്ടപരിഹാരമായും ഫോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറിനെ കൂടുതല്‍ ലാഭത്തിന് ഉപഭോക്താവ് മറിച്ച് വിറ്റുവെന്ന് കമ്പനി കണ്ടെത്തിയാല്‍ പിന്നീട് ഒരിക്കലും ആ ഉപഭോക്താവിന് കാറുകളെ കമ്പനി വില്‍ക്കില്ല. ഇതാണ് വില്‍പനകരാര്‍ ലംഘിച്ചാലുള്ള പതിവ് നടപടി.

ജോണ്‍ സീന വില്‍പനക്കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മിഷിഗണിലെ അമേരിക്കന്‍ ജില്ലാ കോടതിയെ ആണ് കമ്പനി സമീപിച്ചത്. അതേസമയം ചെലവ് ഏറിയതിനാലാണ് ഫോര്‍ഡ് ജിടിയെ വില്‍ക്കേണ്ട സാഹചര്യമുണ്ടായതെന്ന് ജോണ്‍ സീന പ്രതികരിച്ചിട്ടുണ്ട്. ഇത് രമ്യമായി പരിഹരിക്കാനാണ് താരം ഇപ്പോള്‍ ശ്രമം നടത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ