വാഷിങ്‌ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനിലുള്ള അമേരിക്കകാരുടെ സംശയങ്ങൾ അവസാനിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണ് സ്വന്തം ശരീരത്തിൽ വാക്സിൻ പരീക്ഷണം നടത്താൻ ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ജോ ബെെഡന്റെ ഭാര്യ ജിൽ നേരത്തെ വാക്സിൻ സ്വീകരിച്ചിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധ വാക്‌സിനായ പി-ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്.

Read Also: അഭയ കൊലക്കേസ്: വിധി ഇന്ന്, വർഷങ്ങളുടെ നിയമപോരാട്ടം

“ഞാൻ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച ശാസ്‌ത്രജ്ഞൻമാർക്കും ഗവേഷകർക്കും നന്ദി പറയുന്നു. ഞങ്ങൾ നിങ്ങളോട് വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിന്റെ കാര്യത്തിൽ യാതൊന്നും ആശങ്കപ്പെടാനില്ലെന്ന് അമേരിക്കയിലെ ജനങ്ങളോട് ഞാൻ പറയുന്നു. കോവിഡ് വാക്സിൽ ലഭ്യമാകുന്ന മുറയ്‌ക്ക് വാക്സിൻ കുത്തിവയ്‌പ്പെടുക്കാൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്‌ധർ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്,” കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബെെഡൻ പറഞ്ഞു.

കോവിഡ് വാക്സിനെതിരെ അമേരിക്കയിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കോവിഡ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ താൻ മാസ്ക് ധരിക്കില്ലെന്ന് പോലും ട്രംപ് ഒരുസമയത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ബെെഡൻ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook