ജോധ്‌പൂർ: രാജസ്ഥാനിൽ മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവതിയെ ജീവനോടെ കത്തിച്ചു. ജോധ്‌പൂരിലെ പിപ്‌ഡ നഗരത്തിന് അടുത്താണ് ഇന്നലെ ലളിത എന്ന 20 വയസ്സുളള യുവതിയെ ചുട്ടു കൊന്നത്.

ഗ്രാമത്തിന് അടുത്തുളള റോഡ് നിർമാണത്തിനായി മരങ്ങൾ മുറിക്കുന്നതിനെ ലളിത എതിർത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഗ്രാമവാസികളിൽ ചിലർ ലളിതയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്.

ഇന്ന് രാവിലെ യുവതി മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. ജോധ്പൂ‌രിലെ എംജെഎച്ച് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഗ്രാമ തലവനായ രൺവീർ സിങ്ങിനും സംഭവത്തിൽ പങ്കുളളതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.

സംഭവത്തിൽ ബോറുണ്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. 10 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ