ജോധ്പൂര്‍: രാജസ്ഥാനില്‍ നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ 26കാരനെ ജോധ്പൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കും 11കാരിയായ സഹോദരിക്കും ഒപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആണ് നവാബ് അലി ഖുറൈഷി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച്ചയാണ് കൊലപാതകം നടന്നത്. വെളളിയാഴ്ച്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിപാര്‍ നഗരത്തിലാണ് കുടുംബം താമസിക്കുന്നത്.

ഖുറൈഷിയുടെ 22കാരിയായ ഭാര്യ ശബാനയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫോറന്‍സിക് പരിശോധനയിലും ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും കൊലപാതകത്തില്‍ പിതാവിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ മനശാസ്ത്രജ്ഞന്റെ സഹായത്തോടെയും ചോദ്യം ചെയ്തു. അപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നെന്ന് എസ്പി രാജന്‍ ദുശ്യന്ത് പറഞ്ഞു.

അള്ളാഹുവിനെ പ്രീതിപ്പെടുത്താനാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ‘എന്റെ ഏറ്റവും പ്രിയ്യപ്പെട്ട സമ്പാദ്യം അള്ളാഹുവിന് ഞാന്‍ നല്‍കണമായിരുന്നു. ഇസ്ലാമില്‍ റമദാനാണ് മുസ്ലിംങ്ങള്‍ക്ക് ത്യാഗം ചെയ്യാനുളള നല്ല മാസം. അത്കൊണ്ടാണ് മകളെ ബലി നല്‍കിയത്’, തന്റെ ഉള്ളില്‍ ചെകുത്താന്‍ കയറിയതായും ഖുറൈഷി പൊലീസിനോട് പറഞ്ഞു.

‘ഞാനൊരു വിശ്വാസിയാണ്. എന്റെ ജീവിതത്തേക്കാളും എനിക്ക് എന്റെ മകളെ ഇഷ്ടമാണ്. കുറേ നാളായി മുത്തശ്ശിയുടെ വീട്ടിലായിരുന്ന അവള്‍ വ്യാഴാഴ്ച്ചയാണ് തിരികെ വന്നത്. അവളെ ഞാന്‍ ചന്തയില്‍ കൊണ്ടുപോയി മിഠായികളും പഴങ്ങളും വാങ്ങിക്കൊടുത്തു. രാത്രി അവളെ മുറ്റത്തെ കോണിപ്പടിക്ക് അടുത്ത് കൊണ്ടുപോയി കലിമ ചൊല്ലിച്ചു. കൊലപ്പെടുത്തിയതിന് ശേഷം ഞാന്‍ ഉറങ്ങാനായി മുറിയിലേക്ക് പോയി’, മയക്കി കിടത്തിയപ്പോള്‍ ഖുറൈഷി വെളിപ്പെടുത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഖബറടക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ