ന്യൂഡല്‍ഹി: അമേരിക്കയില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ആയിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളും ഉള്‍പ്പെടുന്നു. എന്നാല്‍ തൊഴില്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു ജോലി കണ്ടെത്താനായി പാടുപെടുകയാണിവര്‍. പുതിയ ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അമേരിക്കയില്‍ തുടരാനും കഴിയില്ല.
ദി വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രണ്ട് ലക്ഷത്തോളം ഐടി ജീവനക്കാര്‍ക്കാണ് കഴിഞ്ഞ നവംബറിന് ശേഷം ജോലി നഷ്ടമായത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക്, ആമസോണ്‍ എന്നീ കമ്പനികള്‍ പിരിച്ചുവിടലിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്.
പിരിച്ചുവിട്ടവരില്‍ 30 മുതല്‍ 40 ശതമാനം വരെ ഇന്ത്യക്കാരണെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും എച്ച്-1ബി, എല്‍1 വിസയില്‍ ഉള്‍പ്പെട്ടവരാണ്.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് കമ്പനികൾ ഇതിനെ ആശ്രയിക്കുന്നു.
മാനേജർ തസ്തികകളിൽ താത്കാലികമായി ജോലി ചെയ്യുന്നവര്‍ക്കുള്ളതാണ് എല്‍-1എ, എല്‍-1ബി വിസകൾ. എച്ച്-1ബി, എല്‍1 വിസകളിലുള്ള ഇന്ത്യയില്‍ നിന്നുള്ള ഐടി ജീവനക്കാരാണ് അമേരിക്കയില്‍ തുടരുന്നതിന് പുതിയ ജോലി കണ്ടെത്താനായി ശ്രമം നടത്തുന്നത്.
ആമസോണില്‍ ജോലി ചെയ്യുന്ന ഗീത (പേര് യഥാര്‍ത്ഥമല്ല) മൂന്ന് മാസം മുന്‍പാണ് അമേരിക്കയില്‍ എത്തിയത്. മാര്‍ച്ച് 20 അവസാന പ്രവൃത്തി ദിനമായിരിക്കുമെന്നാണ് ഗീതയ്ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.
എച്ച്-1ബി വിസയില്‍ അമേരിക്കയില്‍ തുടരുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുന്നതിനായി 60 ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ സമയപരിധിക്കുള്ളില്‍ തൊഴില്‍ നേടാനായില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.
എല്ലാ പ്രമുഖ കമ്പനികളിലും പിരിച്ചു വിടല്‍ നടക്കുന്നതിനാല്‍ പുതിയ ജോലി വേഗം കണ്ടെത്തുക എന്നത് ദുഷ്കരമാണ്.
എച്ച്-1ബി വിസയിലുള്ള സീതയ്ക്ക് (പേര് യഥാര്‍ത്ഥമല്ല) ജനുവരി 18-നാണ് മെക്രോസോഫ്റ്റിലെ ജോലി നഷ്ടമായത്. കുടുംബമായി താമസിക്കുന്നവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
ഗ്ലോബൽ ഇന്ത്യൻ ടെക്നോളജി പ്രൊഫഷണൽസ് അസോസിയേഷനും (ജിഐടിപിആർഒ) ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസും (എഫ്ഐഐഡിഎസ്) ചേര്‍ന്ന് തൊഴില്‍ നഷ്ടമായവരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
തൊഴില്‍ രഹിതരായവരെല്ലാം ചേര്‍ന്ന് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. 800 തൊഴില്‍ രഹിതര്‍ വരെയുള്ള ഗ്രൂപ്പുകളുണ്ട്. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗ്രൂപ്പുകളിലൂടെ കൈമാറും.