/indian-express-malayalam/media/media_files/uploads/2023/07/man-missing.jpg)
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ എമർജൻസി സർട്ടിഫിക്കറ്റിലാണ് യുവാവ് ഡൽഹിയിലെത്തിയത്
ന്യൂഡൽഹി: ജോലി തേടി യുകെയ്ക്ക് പോയ മകൻ, പിന്നീട് വിവരങ്ങൾ ഒന്നുമില്ല, നീണ്ട 17 വർഷങ്ങൾക്ക് ശേഷം മകൻ തിരിച്ചെത്തുന്നു. കഥ പോലെ തോന്നുമെങ്കിലും ഇത് ശരിക്കും സംഭവിച്ച കാര്യമാണ്. ന്യൂഡൽഹിയിലെ ആക്ടിവിസ്റ്റും അഭിഭാഷകയുമായ ദീപ ജോസഫിന്റെ ഇടപെടലിനെതുടർന്നാണ് യുവാവിന് കുടുംബവുമായി ഒത്തുചേരാൻ സാധിച്ചത്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ എമർജൻസി സർട്ടിഫിക്കറ്റിലാണ് തിരുവനന്തപുരം നഗരൂർ സ്വദേശിയായ മൂപ്പത്തിയേഴുകാരൻ ജൂലൈ ആറിന് ഡൽഹിയിൽ എത്തിയത്.
ജൂലൈ പത്തിന്, അന്താരാഷ്ട്ര ടെർമിനലിലുണ്ടായിരുന്ന അഭിഭാഷക ദീപ ജോസഫ് യുവാവ് അവിടെയുള്ള ഒരു കഫറ്റീരിയയിലെ ജീവനക്കാരുമായി വഴക്കിടുന്നത് കണ്ടു.
പ്രദർശിപ്പിച്ചിരുന്ന ഭക്ഷണസാധനങ്ങൾ ഇയാൾ മോഷ്ടിച്ചതായി ജീവനക്കാർ പരാതിപ്പെട്ടു.
ദീപ പ്രശ്നത്തിൽ ഇടപ്പെടുകയും ഭക്ഷണത്തിന്റെ പണം നൽകുകയും ചെയ്തു. “യുവാവ് എമർജൻസി പാസ്പോർട്ടിലാണ് ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിശദാംശങ്ങൾ അന്വേഷിച്ചു. കേരളത്തിലെ കുടുംബത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ യുവാവിന് കഴിഞ്ഞില്ല. യുവാവ് അസ്വസ്ഥനായി കാണപ്പെട്ടു. രണ്ട് ഡോളറും സിം കാർഡ് ഇല്ലാത്ത ഒരു പഴയ മൊബൈൽ ഫോണും മാത്രമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത പ്രോഗ്രാമുകൾ ഉള്ളതിനാൽ, യുവാവിനെ സഹായിക്കാനായി അവിടെ നിൽക്കാനായി എനിക്ക് കഴിഞ്ഞില്ല," അഭിഭാഷക ദീപ ജോസഫ് പറഞ്ഞു.
എന്നാൽ യുവാവിന്റെ കുടുംബത്തെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയോടെ ദീപ യുവാവിന്റെ ഫോട്ടോകൾ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. അതേ ദിവസം വൈകുന്നേരം, ഒരു വ്യക്തി യുവാവിന്റെ വിലാസത്തിന്റെ അധികാരപരിധിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നമ്പർ പങ്കിട്ടു.
ഞാൻ പോലീസിനെ ബന്ധപ്പെട്ടപ്പോൾ, യുവാവിന്റെ അമ്മ സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. 17 വർഷം മുൻപ് യുകെയിലേക്ക് പോയ തന്റെ മകനാണ് ഫൊട്ടൊയിലുള്ളതെന്ന്, അമ്മ പറഞ്ഞു. അതിനുശേഷം കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.
ഞായറാഴ്ച യുവാവിന്റെ കുടുംബം ഡൽഹിയിലെത്തുകയും മകനെ കണ്ടെത്തുകയും ചെയ്തതു. “17വർഷം മുൻപാണ് മകൻ യുകെയിൽ പോയത്. പക്ഷേ അവിടത്തെ ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. അപൂർവ്വമായി മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂ. അവനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നാണ് ഞാൻ കരുതിയത്," യുവാവിന്റെ അമ്മ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.