ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമ സംഭവങ്ങളുടെ പേരിൽ കേസെടുത്തിട്ടും വീര്യം ചോരാതെ വിദ്യാർഥി യൂണിയൻ പ്രസിഡന്റും ഇടത് നേതാവുമായ ഐഷി ഘോഷി. ഡൽഹി പൊലീസിനെ തനിക്ക് ഭയമില്ലെന്ന് ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. ജെഎൻയുവിലെ പ്രശ്‌നങ്ങൾക്ക് കാരണക്കാരായ ഒൻപത് വിദ്യാർഥികളുടെ പേരുകൾ ഡൽഹി പൊലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. അതിൽ ഐഷിയുടെ പേരും ഉണ്ട്. അതിനു പിന്നാലെയാണ് ഡൽഹി പൊലീസിനെ താൻ ഭയപ്പെടുന്നില്ലെന്ന പ്രസ്‌താവനയുമായി ഐഷി ഘോഷ് രംഗത്തെത്തിയത്. താൻ ആക്രമിക്കപ്പെട്ട് എങ്ങനെയാണെന്നതിനു തെളിവുകളുണ്ടെന്നും തെറ്റ് ചെയ്യാത്തതിനാൽ തനിക്കു ആരെയും ഭയമില്ലെന്നും ഐഷി പറഞ്ഞു.
“ഡൽഹി പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാം. എനിക്കും തെളിവുകളുണ്ട് ഹാജരാക്കാൻ. ഞാൻ എങ്ങനെ ആക്രമിക്കപ്പെട്ടു എന്നതിന് എന്റെ കയ്യിൽ തെളിവുണ്ട്. എനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊതുമധ്യത്തിൽ അത് ഹാജരാക്കണം” ഡൽഹി പൊലീസിനെ വെല്ലുവിളിച്ച് ഐഷി പറഞ്ഞു.
Read Also: വരമ്പത്ത് കൂലി; അനധികൃത അവധിയെടുത്ത ഡോക്‌ടർമാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍
അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷയുള്ളതായി ഐഷി പറഞ്ഞു. “രാജ്യത്തെ നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കും. പക്ഷേ, എന്തുകൊണ്ടാണ് ഡൽഹി പൊലീസ് മറ്റുള്ളവർക്ക് വിധേയപ്പെടുന്നത്? ഞാൻ നൽകിയ പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ല.” ഐഷി പറഞ്ഞു.
മാനവവിഭവശേഷി മന്ത്രാലയവുമായി ചർച്ച നടന്നതിൽ പ്രതീക്ഷയുണ്ടെന്ന് ഐഷി പറഞ്ഞു. അതേസമയം, ജെഎൻയു വെെസ് ചാൻസലർ ജഗദേഷ് കുമാറിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഐഷി ആവർത്തിച്ചു. തെറ്റായി ഒന്നും ചെയ്‌തിട്ടില്ല. അതുകൊണ്ട് തന്നെ ഭയവുമില്ല. വളരെ സമാധാനത്തോടെയും ജനാധിപത്യപരവുമായി പ്രതിഷേധ പരിപാടികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ഐഷി പറഞ്ഞു. ജെഎൻയു അക്രമങ്ങളുടെ തൊട്ടുപിന്നാലെ ഐഷി ഘോഷടക്കമുള്ള നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജെഎൻയുവിൽ നടന്ന അക്രമങ്ങളിൽ ഐഷി ഘോഷിന് മാരകമായി പരുക്കേറ്റിരുന്നു. നെറ്റിയിൽ 16 തുന്നലുകളായിരുന്നു ഐഷിക്കുണ്ടായിരുന്നത്.
Read Also: 18 വയസ് തികയുന്ന ദിവസമാണ് ലാലേട്ടനൊപ്പം ആ സീനിൽ അഭിനയിച്ചത്: മഞ്ജു വാരിയര്‍
ഐഷി ഘോഷ് അടക്കം ഒൻപത് വിദ്യാർഥികൾക്കെതിരെയാണ് ഡൽഹി പൊലീസ് ഇന്ന് രംഗത്തെത്തിയത്. ജെഎൻയുവിലെ പ്രശ്‌നങ്ങൾക്ക് കാരണം ഇടത് വിദ്യാർഥി സംഘടനയിലെ അംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ജനുവരി മൂന്നിന് എസ്എഫ്‌ഐയും മറ്റ് മൂന്ന് സംഘടനകളും ചേര്‍ന്ന് ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കിയെന്നും യൂണിവേഴ്‌സിറ്റിയിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിലൂടെ താറുമാറായെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ജെഎന്‍യു അക്രമ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഡല്‍ഹി പൊലീസ് പിആര്‍ഒ.