ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് ഐക്യ സ്ഥാനാർത്ഥികൾ വിജയത്തിലേക്ക് കുതിക്കുന്നു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സീറ്റുകളിൽ എസ്എഫ്ഐ-ഐസ-ഡിഎസ്ഒ സംഘടനകളുടെ ഐക്യ സ്ഥാനാർത്ഥികൾക്ക് ഇപ്പോൾ വ്യക്തമായ ലീഡുണ്ട്.

4600 ലധികം വോട്ടുകളിൽ 2731 വോട്ടുകളാണ് ഇതുവരെ എണ്ണിയിട്ടുള്ളത്. എന്നാൽ എതിരാളികളേക്കാൾ മികച്ച വോട്ട് നില തുടക്കം മുതൽ ഇടത് ഐക്യ സ്ഥാനാർത്ഥികൾക്ക് നിലനിർത്താനായി.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ കടുത്ത മത്സരമായിരുന്നെങ്കിലും എബിവിപിയുടെ നില വോട്ടെണ്ണൽ പാതിയോട് അടുത്തപ്പോൾ തന്നെ നേർത്തു. 2731 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇടത് സ്ഥാനാർഥി ഗീത കുമാരിക്ക് 761 വോട്ടാണ് ഉള്ളത്. തൊട്ടടുത്ത് എബിവിപി സ്ഥാനാർഥി നിധി തൃപതി 563 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്. ഇപ്പോൾ 200 ഓളം വോട്ടുകളുടെ ലീഡാണ് ഇടത് സ്ഥാനാർഥിക്കുള്ളത്.

ജനറൽ സെക്രട്ടറി പദത്തിൽ ഇടത് സ്ഥാനാർഥിക്ക് അനുകൂലമായ തരംഗം തന്നെയാണ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ കണ്ടത്. മറ്റ് സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇടത് സ്ഥാനാർഥി ദുഗ്ഗിറാല ശ്രീകൃഷ്ണ മുന്നേറിയത്. ഇതുവരെ 993 ഇദ്ദേഹം നേടിയിട്ടുണ്ട്. എബിവിപി സ്ഥാനാർഥി 519 വോട്ടുമായി രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനാർത്ഥിക്ക് ലഭിച്ച അത്ര തന്നെ വോട്ടിന്റെ ലീഡിലേക്കാണ് ഇപ്പോൾ ഇടത് ഐക്യ സ്ഥാനാർത്ഥി എത്തിയിരിക്കുന്നത്.

വൈസ് പ്രസിഡന്റ് പദത്തിൽ ഇടത് സഖ്യത്തിന്റെ സൈമൺ സോയ ഖാന് 802 വോട്ടാണ് ഇതുവരെ ലഭിച്ചത്. എതിരാളിയായ എബിവിപി സ്ഥാനാർത്ഥിക്ക് 563 വോട്ട് ലഭിച്ചിട്ടുണ്ട്. 199 വോട്ടിന്റെ ലീഡാണ് ഇപ്പോഴുള്ളത്. ജോയിന്റ് സെക്രട്ടറി പദത്തിൽ ഇടത് സ്ഥാനാർഥി സുഭാൻഷു സിങ്ങിന് 762 വോട്ട് ഇതുവരെ ലഭിച്ചിട്ടുണ്ട്. എബിവിപി സ്ഥാനാർത്ഥി 554 വോട്ട് നേടി രണ്ടാമതുണ്ട്. 208 വോട്ടിന്റെ ലീഡാണ് ഇടത് ഐക്യ സ്ഥാനാർത്ഥിക്ക് ലഭിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ