ന്യൂഡല്‍ഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമങ്ങൾക്കിടെ ഗുരുതരമായി പരുക്കേറ്റ യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷിനെ ഇന്നു രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. ഐഷയുടെ തലയിൽ 16 തുന്നലുകളുണ്ട്. ഇടത് കയ്യിൽ സാരമായ പരുക്കേറ്റിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.

വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന് മര്‍ദനമേറ്റത്. ‘ആരും ഭയപ്പെടരുത്, സംയമനം പാലിക്കണം’ എന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു ഐഷ. അതിനിടയിലാണ് അക്രമി സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഐഷയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 7.30 ഓടെയാണ് ഐഷയ്‌ക്ക് പരുക്കേറ്റത്.
Read Also: അധ്യാപകര്‍ക്കു നേരെ കല്ലും വടികളുമായി അക്രമി സംഘം; ജെഎന്‍യുവില്‍ ഇന്നലെ രാത്രി സംഭവിച്ചത്
സർവകലാശാലയിലെ അക്രമങ്ങൾക്ക് കാരണം എബിവിപിയാണെന്ന് കോളേജ് യൂണിയൻ നേരത്തെ ആരോപിച്ചിരുന്നു. ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
അതേസമയം, ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു. ബിജെപിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജെഎന്‍യുവിലെ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ ഡല്‍ഹി ലഫ.ഗവര്‍ണര്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിനിധികളോട് സംഭവത്തെ കുറിച്ച് സംസാരിക്കണമെന്ന് ലഫ.ഗവര്‍ണര്‍ അനില്‍ ബയ്‌ജാലിനാണ് അമിത് ഷാ നിര്‍ദേശം നല്‍കിയത്.