ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ ഡൽഹി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജെഎൻയു വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഐപിസി സെക്ഷൻ 323, 341, 509, 506, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരം അജ്ഞാതരായ ആബിവിപി പ്രവർത്തകർക്കെതിരെ വസന്ത് കുഞ്ച് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനോജ് സി പറഞ്ഞു.
ഇന്നലെ രാത്രി ഏഴരയോടെയാണ് ക്യാമ്പസിൽ സംഘർഷമുണ്ടായത്. ക്യമ്പസിലെ കാവേരി ഹോസ്റ്റൽ മെസ്സിൽ മാംസാഹാരം വിതരണം ചെയ്യുന്നത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് രാത്രിയിൽ സംഘർഷത്തിലേക്ക് നയിച്ചത്.
സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റതയാണ് വിവരം. ഏകദേശം 50ൽ അധികം വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായി ഇടത് വിദ്യാർഥിക സംഘടനകൾ പറഞ്ഞു. എന്നാൽ ആറ് പേർക്ക് പരുക്കേറ്റതായാണ് പൊലീസ് റിപ്പോർട്ട്.
തലയ്ക്ക് പരുക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെയും പുറത്ത് പരുക്കേറ്റ ഒരു വിദ്യാർത്ഥിയുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ എബിവിപി പ്രവർത്തകർ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എല്ലാ ഞായറാഴ്ചയും എല്ലാ ഹോസ്റ്റലുകളിലും നോൺ-വെജിറ്റേറിയൻ ഭക്ഷണവും വെജിറ്റേറിയൻ ഭക്ഷണവും പാചകം ചെയ്യറുണ്ട്. എന്നാൽ ഇന്നലെ എബിവിപി പ്രവർത്തകർ ഹോസ്റ്റലിലേക്ക് ചിക്കൻ കൊണ്ടുവന്ന ആളെ തടയുകയെയും അദ്ദേഹത്തെയും മെസ് സെക്രട്ടറിയേയും ഇന്ന് സസ്യേതര വിഭവങ്ങൾ പാകം ചെയ്യാൻ അനുവദിക്കിലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ (ജെഎൻയുഎസ്യു) കൗൺസിലർ അനഘ പ്രദീപ് പറഞ്ഞു.
എന്നാൽ ഒരു കൂട്ടം വിദ്യാർത്ഥികൾ രാമനവമി പൂജ തടസ്സപ്പെടുത്താൻ ശ്രമം നടന്നതാണ് കാരണമെന്ന് എബിവിപി പ്രവർത്തകർ ആരോപിച്ചു. നോൺ വെജിറ്റേറിയൻ ഭക്ഷണമല്ല പ്രശ്നമെന്ന് അവർ പറഞ്ഞു. ഇടതുപക്ഷ വിദ്യാർത്ഥികൾ ഭിന്നത കൊണ്ടുവരാൻ ശ്രമിച്ചതാണെന്നും ഇഫ്താർ പാർട്ടിയും ഹവാനും ഒരേസമയം ഒരു പ്രശ്നവുമില്ലാതെ ഹോസ്റ്റലിൽ നടക്കുന്നുണ്ടെന്നും ജെഎൻയുവിലെ എബിവിപി സെക്രട്ടറി ഉമേഷ് അജ്മീര അവകാശപ്പെട്ടു.
Also Read: ജോ ബൈഡനുമായി മോദിയുടെ ചർച്ച ഇന്ന്; യുക്രൈൻ വിഷയം ചർച്ചയാകും