ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ അക്രമം നടത്തിയ മുഖംമൂടി ധരിച്ച സംഘത്തിലെ ചിലരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് വൃത്തങ്ങൾ. ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അക്രമികളെ തിരിച്ചറിഞ്ഞത്.
ജനുവരി അഞ്ചിന് സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ ഐഷി ഘോഷ് ഉൾപ്പടെ നാൽപ്പതോളം പേർക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിച്ച് ആക്രമണമഴിച്ചുവിടുകയായിരുന്നു.
അക്രമികള്‍ അഴിഞ്ഞാടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ഡൽഹി പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിരുന്നു.
Read also: ബാവ്‌രാ മൻ ജെഎൻയുവിന് വേണ്ടി മുംബൈ പാടുന്നു-വീഡിയോ
അതേസമയം തനിക്കെതിരെ നടന്ന ആക്രമണത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പൊലീസിൽ പരാതി നൽകി. വധശ്രമത്തിനാണ് പരാതി നൽകിയത്.
ജെഎൻയു സെർവർ റൂമിൽ ആക്രമണം നടത്തിയെന്നാരോപിച്ച് ഐഷി ഘോഷിനും മറ്റ് 19 പേർക്കുമെതിരെ ഡൽഹി പൊലീസ് ചൊവ്വാഴ്ച എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ജെഎൻയു അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.
ക്യാംപസിൽ അരങ്ങേറിയ അക്രമത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഇന്നലെ എത്തിയിരുന്നു. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്റ് ഐഷി ഘോഷിനെയും കണ്ടാണ് മടങ്ങിയത്.
ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെക്കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ടെന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.
അതേസമയം, വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ക്യാംപസിൽ എത്തിയ നടി ദീപിക പദുക്കോണിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവ് ആഹ്വാനം ചെയ്തു. താരത്തിന്റെ ജെഎൻയു സന്ദർശന വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെ ബിജെപിയുടെ തജീന്ദർ പാൽ സിങ് ബഗ്ഗയാണ് താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.