ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി വൈസ് ചാന്‍സിലര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈന്യത്തോടുള്ള അടുപ്പം കൂടുന്നതിനായാണ് ഇത്തരത്തില്‍ ടാങ്ക് സ്ഥാപിക്കാന്‍ ജെഎന്‍യു വിസി എം.ജഗദീഷ് കുമാറിന്റെ നിര്‍ദ്ദേശം. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഓര്‍മ്മകളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ഇത്തരം അഭിപ്രായം ഉയര്‍ന്നത്.

ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി.കെ. സിങ് എന്നിവരോടാണു വൈസ് ചാൻസലർ ഈ കാര്യം ആവശ്യപ്പെട്ടത്. വഞ്ചകരുടെ സഹായമില്ലാതെ ഇന്ത്യയെ കീഴടക്കാൻ പുറത്തുനിന്നൊരു ശക്തിക്കും കഴിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വ്യക്തമാക്കി. ഒരുമിച്ചുനിന്നാൽ നമ്മളെ ഒരിക്കലും പരാജയപ്പെടുത്താനാകില്ല. നമ്മുടെ ദേശസ്നേഹം ഓഗസ്റ്റ് 15നും ജനുവരി 26നും മാത്രമേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, വിരമിച്ച സൈനികര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഗംഗ ധാബയില്‍ നിന്ന് 2,200 അടി നീളമുള്ള ഇന്ത്യന്‍ പതാകയുമായി തിരംഗ യാത്രയും സംഘടിപ്പിച്ചു.

ജെഎന്‍യുവിന് വന്ന മാറ്റം ആശ്ചര്യമുണ്ടാക്കിയെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ നിന്ന് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ