ന്യുഡല്‍ഹി: ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം. മുഴുവന്‍ സീറ്റുകളിലും സംയുക്ത ഇടതു സഖ്യം വ്യക്തമായ ലീഡോടെയാണ് വിജയിച്ചത്. ഏറെ പിന്നിലാണ് എബിവിപിയുടെ വോട്ട് നില. അതേസമയം, എന്‍എസ്‌യുവിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചിട്ടില്ല.
2151 വോട്ടുകളുമായി ഇടത് സ്ഖ്യത്തിന്റെ എന്‍ സായി ബാലാജി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1179 വോട്ടിന്റെ മാര്‍ജിനിലാണ് ബാലാജിയുടെ വിജയം. തൊട്ട് പിന്നിലുള്ള എബിവിപി സ്ഥാനാര്‍ത്ഥിയ്ക്ക് 972 വോട്ട് മാത്രമേ നേടാനായുള്ളൂ. ഒറ്റ പ്രതിനിധിയെയും വിജയിപ്പിക്കാൻ എബിവിപിക്ക് സാധിക്കാതിരുന്നതാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആക്കം കൂട്ടിയത്. ഓരോ വകുപ്പുകളിൽ നിന്നുമുളള പ്രതിനിധികളെ വിജയിപ്പിക്കുന്നതിലും ഇടത് സഖ്യത്തിനായി. ഒരു സീറ്റിൽ മാത്രം ഒരു വോട്ട് ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥി എൻഎസ്‌യു സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കും ഇടത് സഖ്യമാണ് ജയിച്ചത്. ആകെ 5185 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 67 ശതമാനം പോളിങ്ങാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.
വോട്ടെണ്ണല്‍ സമയത്ത് ജെഎന്‍യുവില്‍ നിന്നുള്ള കാഴ്ച
കഴിഞ്ഞ ദിവസം എബിവിപി വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇതേ തുടർന്ന് നീണ്ട 14 മണിക്കൂർ വോട്ടെണ്ണൽ നിർത്തിവച്ചു. ഇന്ന് രാവിലെയാണ് വോട്ടെണ്ണൽ പുനരാരംഭിച്ചത്.