ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് ഐക്യ സ്ഥാനാർത്ഥികൾ വെന്നിക്കൊടി പാറിച്ചപ്പോൾ നാണക്കേടിന്റെ പടുകുഴിയിൽ വീണത് എൻഎസ്‌യു. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്‌യു സ്ഥാനാർത്ഥികൾക്ക് നോട്ടയേക്കാൾ കുറവ് വോട്ട് മാത്രമാണ് ലഭിച്ചത്.

പ്രസിഡന്റ് സ്ഥാനത്ത് നോട്ടയ്ക്ക് 127 വോട്ട് ലഭിച്ചപ്പോൾ എൻഎസ്‌യുവിന് ലഭിച്ചത് വെറും 82 വോട്ട്. പട്ടികയിൽ ഏഴാം സ്ഥാനത്താണ് എൻഎസ്‌യു. എസ്എഫ്ഐ-ഐസ-ഡിഎസ്ഒ സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചപ്പോൾ എബിവിപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. രൂപീകൃതമായി ഒരു വർഷം പോലും തികയാത്ത ബാപ്‌സയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചപ്പോഴാണ് ഓളങ്ങളില്ലാതെ എൻഎസ്‌യു ഏഴാം സ്ഥാനത്ത് എത്തിയത്. വൃഷ്ണിക സിംഗാണ് എൻഎസ്‌യുവിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്ത് എൻഎസ്‌യുവിനേക്കാൾ ഇരട്ടിയിലധികം വോട്ട് നോട്ടയ്ക്ക് ലഭിച്ചു. 201 വോട്ട് എൻഎസ്‌യുവിന് രേഖപ്പെടുത്തിയപ്പോൾ 495 പേർ തിരഞ്ഞെടുപ്പിലെ മുഴുവൻ സ്ഥാനാർത്ഥികളെയും തള്ളിക്കളഞ്ഞു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് ഐക്യ സ്ഥാനാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ദുഗ്ഗിറാല ശ്രീകൃഷ്ണയാണ് വിജയിച്ചത്. ഏറ്റവും ഉയർന്ന ഭൂരിപക്ഷവും എസ്എഫ്ഐ പ്രതിനിധിക്കാണ്. 1107 വോട്ടിന്റെ ലീഡാണ് ദുഗ്ഗിറാല ശ്രീകൃഷ്ണ നേടിയത്. ഈ സ്ഥാനത്ത് എൻഎസ്‌യു പ്രീതി ധ്രുവെയെയാണ് മത്സരിപ്പിച്ചത്. ഇവർക്ക് 223 വോട്ട് മാത്രമേ നേടാനായുള്ളൂ. നോട്ടയ്ക്ക് 389 പേർ മഷിപുരട്ടി.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തും എൻഎസ്‌യുവിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എൻഎസ്‌യു സ്ഥാനാർത്ഥി അലിമുദ്ദീൻ 222 വോട്ട് നേടിയപ്പോൾ നോട്ട 501 വോട്ടുമായി മുന്നിലെത്തി. മത്സരത്തിൽ ഒരു ക്ലാസ് പ്രതിനിധിയെ പോലും വിജയിപ്പിക്കാനും എൻഎസ്‌യുവിന് സാധിച്ചില്ല. രാജ്യം ഉറ്റുനോക്കിയ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പായിരുന്നു ജെഎൻയുവിലേത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ