ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം ഇന്നും തുടരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടു പോകില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ ഉടനെ തന്നെ രാജി വയ്ക്കണമെന്നും യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിക്രൂരമായ മര്‍ദനമാണ് പൊലീസില്‍നിന്നുമുണ്ടായതെന്ന് യൂണിയന്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും കടന്നുപിടിക്കുകയും ചെയ്തായും വിദ്യാര്‍ഥികള്‍ പറഞ്ഞു. സമരത്തില്‍നിന്നു പിന്നോട്ടുപോകില്ലെന്ന് യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള എഫ്‌ഐആറും നോട്ടീസുകളും പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ സ്റ്റേഷനിലെത്തിക്കുന്നതിന് പകരം രണ്ട് മണിക്കൂറോളം നഗരം ചുറ്റിയെന്നും വാഹനത്തില്‍വച്ച് മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മോദി സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ യോഗ്യതയില്ലെന്ന് മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു. തന്നെ രക്ഷിക്കാനെത്തിയ സുഹൃത്തുക്കളെ പറഞ്ഞയച്ച ശേഷം പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും വിദ്യാര്‍ഥി പറഞ്ഞു.

പ്രതിഷേധ മാര്‍ച്ചിനെതിരേ ഇന്നലെ പൊലീസ് ലാത്തി വീശിയിരുന്നു. രാത്രിയിലും പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. രാത്രി ലൈറ്റ് ഓഫാക്കിയ ശേഷം പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയിരുന്നു. പൊലീസിനെ കൃത്യനിര്‍വഹണത്തില്‍നിന്നു തടഞ്ഞെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് എഫ്‌ഐആര്‍. 30 പൊലീസുകാര്‍ക്കും 15 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റതായാണ് പൊലീസ് പറയുന്നത്.

നേരത്തെ, വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയ്ക്കെതിരെ ജെഎന്‍യു അധ്യാപകര്‍ രംഗത്തെത്തിയിരുന്നു. ജെഎന്‍യുടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരേ അധ്യാപകര്‍ രംഗത്തെത്തിയത്.

കാഴ്ചയില്ലാത്തവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികളെ പോലും പൊലീസ് മര്‍ദനത്തില്‍ നിന്ന് ഒഴിവാക്കിയില്ലെന്നും വിദ്യാര്‍ഥികള്‍ക്കെതിരേ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും അധ്യാപകര്‍ പറഞ്ഞു. സമാധാനം ഉറപ്പുവരുത്തുന്നതിനായി ജെഎന്‍യു ടീച്ചേഴ്സ് അസോസിയഷനെ പ്രതിനിധീകരിച്ചു ജോര്‍ബാഗില്‍ പോയ അധ്യാപകരെപ്പോലും പൊലീസ് വെറുതെ വിട്ടില്ല. അധ്യാപകരാണെന്നു പൂര്‍ണബോധ്യമുണ്ടായിട്ടും പൊലീസ് ആക്രമിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook