ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനു നേരെ ആക്രമണം. ഡല്‍ഹി റഫി മാര്‍ഗില്‍ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന് പുറത്തുവച്ചാണ് സംഭവം.

കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിനു പുറത്തെ കടയിൽ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അജ്ഞാതനായ ഒരാൾ പുറകിലൂടെ വന്ന് തന്റെ കഴുത്തിൽ കടന്നു പിടിച്ചെന്ന് ഉമർ പറയുന്നു. അയാളുടെ കൈയ്യിൽ തോക്കുണ്ടായിരുന്നെന്നും അതുകൊണ്ട് താൻ കൈയ്യിൽ കടന്നു പിടിച്ചെന്നും ഉമർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

“അയാൾ എന്നെ നിലത്തേക്ക് തള്ളിയിട്ട് ഇടിച്ചു. എന്റെ സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന തോക്ക് വലിച്ചെറിഞ്ഞ് അയാൾ ഓടിപ്പോയി.” സംഭവ സ്ഥലത്തുനിന്നും തോക്ക് കണ്ടെത്തിയിട്ടുണ്ട്.

റഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു പുറത്തു നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിനു ഏതാനും മീറ്റർ അകലെയായാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്. ഇവിടെ ‘റ്റുവേര്‍ഡ്‌സ് എ ഫ്രീഡം വിത്തൗട്ട് ഫിയര്‍’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍.

ജെഎന്‍യുവില്‍ നടന്ന സമരങ്ങളുടെ പേരില്‍ പലകുറി വേട്ടയാടപ്പെട്ട ആളാണ് ഉമര്‍ ഖാലിദ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ അംഗവുമായിരുന്നു ഉമര്‍. തീവ്രവാദിയെന്ന് ആരോപിച്ച് പൊലീസ് ഉമറിനെ ജയിലില്‍ അടച്ചിരുന്നു.

രാജ്യദ്രോഹ പ്രവര്‍ത്തികള്‍ ചെയ്തുവെന്നാരോപിച്ച് സര്‍വ്വകലാശാല ഉമറിന്റേയും മറ്റൊരു വിദ്യാര്‍ത്ഥിയുടേയും പ്രബന്ധങ്ങള്‍ സ്വീകരിക്കാതെ തിരിച്ചയച്ചിരുന്നു.

2016 ഫെബ്രുവരി 9 ന് സര്‍വകലാശാല ക്യാംപസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് സര്‍വകലാശാല അധികൃതരുടെ നടപടി.

നേരത്തെ സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ സര്‍വകലാശാല ഭീമമായ പിഴ ചുമത്തിയിരുന്നു. അച്ചടക്കലംഘനം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് നാല് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook