പാറ്റ്ന: ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനെ ബിഹാറിലെ ജഹാനാബാദിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 16 ന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ അസം, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, ന്യൂഡൽഹി, മണിപൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ഷർജീലിനെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നുണ്ട്.
രാജ്യത്തെ ശിഥിലീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ആർക്കും അനുവാദമില്ലെന്ന് ഷർജീലിന്റെ അറസ്റ്റിൽ പ്രതികരിച്ചുകൊണ്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
“തെറ്റ് ചെയ്തതിനെതിരെ പൊലീസ് നിയമപ്രകാരം പ്രവർത്തിച്ചു. പ്രതിഷേധിക്കുന്നത് ശരിയാണ്, പക്ഷേ രാജ്യത്തിന്റെ ശിഥിലീകരണത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും അധികാരമില്ല,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഷര്‍ജീലിനെ കണ്ടെത്താന്‍ കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണവും ഊര്‍ജിതമാക്കിയിരുന്നു. തിങ്കളാഴ്ച ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘങ്ങളെ വിന്യസിച്ചിരുന്നു.
Read More: ശബരിമല: വാദത്തിന് പത്തു ദിവസം, കൂടുതൽ സമയം നൽകില്ലെന്ന് സുപ്രീം കോടതി
ഞായറാഴ്ച ഷർജീലിന്റെ പിതാവിന്റെ നാടായ ജഹനാബാദിലെ കാക്കോയിൽ പൊലീസ് തിരച്ചിൽ നടത്തുകയും ഇദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കളെ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. പൊലീസിൽനിന്ന് ഓടിയൊളിക്കാൻ തന്റെ മകൻ കള്ളനോ ഗുണ്ടയോ അല്ലെന്ന് ഷർജീലിന്റെ മാതാവ് പ്രതികരിച്ചിരുന്നു.
“എന്റെ മകന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. പൊലീസിൽനിന്ന് ഓടിയൊളിക്കാൻ അവൻ കള്ളനോ ഗുണ്ടയോ അല്ല. പൊലീസ് അവനെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്,” ഷർജീൽ ഇമാമിന്റെ മാതാവ് അഫ്ഷൻ റഹീം തിങ്കളാഴ്ച പറഞ്ഞു.
തന്റെ പകൻ ദേശീയ പൗരത്വ പട്ടികയെ എതിർക്കുക മാത്രമാണ് ചെയ്തതെന്നും നിരവധി ദിവസമായി മകനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
“അവനെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഈ രാജ്യത്തെ നിയമത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്,” അവർ ജഹാനാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജീല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലുമായിരുന്നു സംഭവങ്ങൾ നടന്നത്. 16ന് ഷർജീൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
“അഞ്ചുലക്ഷം പേരെ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയും എന്നുണ്ടെങ്കില്‍, നമുക്ക് വടക്കുകിഴക്കൻ പ്രദേശത്തെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താൻ സാധിക്കും. സ്ഥിരമായിട്ടല്ലെങ്കിലും ഒന്നോ രണ്ടോ മാസത്തേക്കെങ്കിലും അങ്ങനെ ചെയ്യാനാകും. അങ്ങനെ അസമിനെ ഇന്ത്യയില്‍നിന്ന് വേർപെടുത്തിയാലേ, ചെയ്താലേ… എന്നാലേ അവര്‍ നമ്മള് പറയുന്നത് ശ്രദ്ധിക്കൂ…” എന്നായിരുന്നു വീഡിയോയിൽ ഷർജീൽ പറഞ്ഞത്.
സർക്കാരിനെ സമ്മർദത്തിലാക്കാൻ ഷഹീൻ ബാഗിലെന്നപോലെ ഡൽഹിയിലെ കൂടുതൽ റോഡുകൾ ഉപരോധിക്കാനും ഷർജീൽ ആവശ്യപ്പെട്ടു.
“സാധ്യമാകുന്നിടത്തെല്ലാം സമാധാനപരമായി റോഡുകൾ ഉപരോധിക്കാൻ ശ്രമിക്കണമെന്നായിരുന്നു ഞാൻ പറഞ്ഞത്. ആ സാഹചര്യത്തിലാണ് അസമിലേക്ക് പോകുന്ന റോഡുകൾ നിങ്ങൾ ഉപരോധിക്കണമെന്നും ഞാൻ പറഞ്ഞത്. ഇത് അടിസ്ഥാനപരമായി റോഡ് ഉപരോധിക്കാനുള്ള ഒരു ആഹ്വാനമായിരുന്നു,” ശനിയാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച ഷർജീൽ ഇമാം പറഞ്ഞു.