ന്യൂഡൽഹി: ഫീസ് വർധനയ്ക്കെതിരെ ഡൽഹി ജെഎൻയു ക്യാമ്പസിൽ നടന്നുവരുന്ന സമരം കൂടുതൽ ശക്തമാകുന്നു. ഇന്നു മുതൽ ക്യാമ്പസ് അടച്ചിട്ടുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. ഓഫീസുകളടക്കം ഉപരോധിച്ചുള്ള സമരത്തിൽ സർവകലാശാലയുടെ പ്രവർത്തനം സ്തംഭിപ്പിക്കാനാണ് വിദ്യാർഥികളുടെ നീക്കം. രണ്ടാഴ്ചയായി കാമ്പസിനകത്ത് നടന്നുവന്ന സമരം തിങ്കളാഴ്ചയുണ്ടായ പൊലീസ് അതിക്രമത്തിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
ഹോസ്റ്റൽ ഫീസ് വർധനവിന് അന്തിമ അംഗീകാരം നൽകാൻ ചേരുന്ന ജെഎൻയു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കൺവെന്ഷൻ സെന്റർ ഉപരോധിക്കുമെന്നും വിദ്യാർഥികൾ അറിയിച്ചു. കാമ്പസിലേക്കുള്ള ഗേറ്റുകൾ അടച്ചും സർവകലാശാല പ്രവർത്തനം തടസ്സപ്പെടുത്തിയും സമരം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
അതേസമയം ഫീസ് വർധനവിനെതിരെ എബിവിപിയും രംഗത്തെത്തി. സമരത്തിന്റെ ഭാഗമാകാനാണ് എബിവിപിയുടെയും തീരുമാനം. തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യു.ജി.സി ആസ്ഥാനത്തേക്ക് ബുധനാഴ്ച മാർച്ച് നടത്തുമെന്ന് എബിവിപി അറിയിച്ചു. ജെ.എൻ.യു വിദ്യാർഥി യൂണിയൻ നടത്തുന്ന സമരത്തിൽ എബിവിപി മാത്രമാണ് പങ്കെടുക്കാതിരുന്നത്. വിദ്യാർഥികൾക്ക് അധ്യാപക സംഘടനയായ ജെഎൻയുടിഎ പിണുണ അറിയിച്ച് രംഗത്തുവന്നു.
ഐഎച്ച്എ മാനുവൽ പരിഷ്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് തീരുമാനം. വൈസ് ചാൻസലർ ജഗദീഷ് കുമാർ ഇതുവരെ വിദ്യാർത്ഥികളെ കാണാൻ തയ്യാറായിട്ടില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook