ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) തന്നോട് സിവി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത ചരിത്രകാരി റോമില ഥാപ്പര്‍. ഭരണസംവിധാനം മുന്നോട്ടുവച്ച മാറ്റങ്ങളെ വിമര്‍ശച്ചതിനാല്‍ തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്ന് റോമില ഥാപ്പര്‍ പറഞ്ഞു. പ്രൊഫസര്‍ എമിരിറ്റ പദവി അവലോകനം ചെയ്യാനാണ് ജെഎന്‍യു റോമില ഥാപ്പറിനോട് സിവി ആവശ്യപ്പെട്ടത്.

ജെഎന്‍യു നിയമിച്ച ഒരു കമ്മിറ്റി റോമില ഥാപ്പറുടെ പഠനങ്ങളും പ്രവൃത്തികളും അവലോകനം ചെയ്യുകയും പ്രൊഫസര്‍ എമിരിറ്റ സ്ഥാനത്ത് അവര്‍ തുടരുണോ എന്ന് തീരുമാനിക്കുകയും ചെയ്യും. അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളതായി ഇപിഡബ്‌ള്യൂ മാഗസിന് എഴുതിയ കത്തില്‍ പ്രഭാത് പട്‌നായിക് പറയുന്നു. ജൂലായ് 12 നാണ് തനിക്ക് സിവി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചതെന്ന് റോമില ഥാപ്പറും സ്ഥിരീകരിക്കുന്നു.

Read Also: മെഹ്ബൂബയും ഒമറും കുടുംബാംഗങ്ങളെ കണ്ടു; ആഴ്ചയില്‍ രണ്ട് തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് 75 വയസ് കഴിഞ്ഞ പ്രൊഫസര്‍ എമിരിറ്റമാര്‍ തുടരണോ എന്ന കാര്യത്തില്‍ അവലോകനം നടത്താനായി ഒരു സംവിധാനം വേണമെന്ന് ജെഎന്‍യു തീരുമാനിച്ചത്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൗണ്‍സില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച് 75 വയസ് കഴിഞ്ഞവരുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനായിരുന്നു തീരുമാനം.

പ്രൊഫസര്‍ എമിരിറ്റ പദവി ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍ അത് വീണ്ടും വിലയിരുത്തുന്ന രീതി ലോകത്തെവിടെയും ഇല്ല. ജെഎന്‍യു നല്‍കുന്ന കത്തില്‍ പ്രൊഫസര്‍ എമിരിറ്റ പദവി ആജീവനാന്തം ഉള്ളതാണെന്നും അതൊരു ബഹുമതിയാണെന്നും കൃത്യമായി പറയുന്നുണ്ട്. സര്‍വകലാശാല ആഗ്രഹിക്കുന്ന തരത്തില്‍ പ്രൊഫസര്‍ എമിരിറ്റ പദവി രൂപപ്പെടുത്താവുന്നതാണ്. പ്രവൃത്തിയെ വിലയിരുത്താന്‍ നിയോഗിക്കപ്പെടുന്ന കമ്മിറ്റി എന്ത് രീതിയാണ് അതിനായി അവലംബിക്കുക എന്ന് അറിയിക്കണമെന്ന് സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട് – റോമില ഥാപ്പര്‍ പ്രതികരിച്ചു.

87 കാരിയായ റോമില ഥാപ്പര്‍ 1991 ലാണ് ജെഎന്‍യുവില്‍ നിന്ന് വിരമിച്ചത്. എമിരിറ്റ പദവിയെ കുറിച്ച് ജെഎന്‍യുവിലെ ഭരണാധികാരികള്‍ക്ക് അറിയില്ലെന്നും റോമില ഥാപ്പര്‍ പരിഹസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook