ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്തുകൊണ്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി സ്വീകരിച്ചില്ല. ഡല്‍ഹി സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
‘ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ എന്തിനാണ് കുറ്റപത്രം ഫയല്‍ ചെയ്തത്?’ എന്ന് കോടതി ചോദിച്ചു. സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാന്‍ 10 ദിവസത്തെ സമയം പൊലീസ് ആവശ്യപ്പെട്ടു. ജനുവരി 14നാണ് ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ 1200 പേജുള്ള കുറ്റ പത്രം ഫയല്‍ ചെയ്തത്. കേസിന് ആസ്പദമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2016 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം ഇതെല്ലാം എബിവിപിയുടെ പദ്ധതികളായിരുന്നുവെന്നും പരിപാടികള്‍ക്കിടയില്‍ നുഴഞ്ഞുകയറി മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരാണെന്നും പറഞ്ഞുകൊണ്ട് ജെഎന്‍യു സര്‍വ്വകലാശാലയിലെ എബിവിപി മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജതിന് ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാള്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.