ന്യൂഡൽഹി: ജെഎൻയു ക്യാംപസിൽ നിന്നും വീണ്ടും വിദ്യാർത്ഥിയുടെ തിരോധാനം. മുകുൾ ജയിൻ എന്ന ഗവേഷണ വിദ്യാർഥിയെ ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജീവശാസ്ത്രത്തിൽ ഗവേഷണം നടത്തുകയായിരുന്നു മുകുൾ ജയിൻ. ജനുവരി എട്ടിന് ഉച്ചയ്ക്കു ശേഷമാണ് മുകുലിനെ കാണാതാവുന്നത്. ക്യാംപസിന്റെ കിഴക്കേ കവാടം വഴി പുറത്തു കടന്ന് പോകുന്നത് മറ്റു വിദ്യാർത്ഥികൾ കണ്ടിരുന്നു.

മുകുളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവർ കോളേജിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തിരോധാനവുമായി ബന്ധപ്പെട്ടു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

2016 ഒക്ടോബർ 15 നാണു മാഹി മാണ്ഡവിയ ഹോസ്റ്റലിൽ നിന്നും എംഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിയായ നജീബ് അഹമ്മദിനെ കാണാതായത്. എബിവിപിയുമായുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നായിരുന്നു നജീബിനെ കാണാതായത് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. നജീബിനെ കണ്ടുപിടിക്കുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടതിനെ തുടർന്ന് കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്.

കേസ് കൈമാറ്റം ചെയ്യപ്പെട്ടിട്ടും, അന്വേഷണത്തിൽ താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി സിബിഐയെ ഡൽഹി ഹൈക്കോടതി വിമർശിച്ചിരുന്നു. അഞ്ചുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ