ന്യൂഡൽഹി: ജെഎൻയു ക്യാംപസിലെ അക്രമങ്ങൾ ആസൂത്രിതമെന്ന് തോന്നിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ജെഎൻയു ആക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിക്കുന്ന വിവാദ വാട്സാപ്പ് ഗ്രൂപ്പിൽ യൂണിവേഴ്സിറ്റി പ്രോക്ടറും അംഗമായിരുന്നതായാണ് റിപ്പോർട്ട്.
സ്ക്രീൻഷോട്ടുകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടന്നപ്പോഴാണ് ചീഫ് പ്രോക്ടറും ഗ്രൂപ്പിൽ അംഗമായിരുന്നുവെന്ന വിവരം പുറത്തുവന്നത്. എട്ട് എബിവിപി നേതാക്കൾ, ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ, പിഎച്ച്ഡി വിദ്യാർഥികൾ എന്നിവരും വിവാദ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ജെഎൻയുവിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് വ്യക്തമാക്കുന്ന കണ്ടെത്തലുകളാണിത്. ആക്രമണം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകളുടെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
Read Also: എട്ടാം ക്ലാസുകാരിയെ പ്രണയിച്ച കൃഷ്ണജീവ്; ഫുക്രു നമ്മള് വിചാരിച്ച ആളല്ല!
‘ഫ്രണ്ട്സ് ഓഫ് ആർഎസ്എസ്’ എന്ന ഗ്രൂപ്പിലെ അംഗമാണ് യൂണിവേഴ്സിറ്റി ചീഫ് പ്രോക്ടർ ധനഞ്ജയ് സിങ്. ഈ വാട്സാപ്പ് ഗ്രൂപ്പിൽ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാൻ ധനഞ്ജയ് സിങ്ങിനെ സമീപിച്ചപ്പോൾ ഗ്രൂപ്പിലെ ചാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്കറിയില്ലെന്നാണ് മറുപടി. ഗ്രൂപ്പിൽ താൻ സജീവമല്ലെന്നും ഇപ്പോൾ ഗ്രൂപ്പിൽനിന്ന് പുറത്തുപോയതായും അദ്ദേഹം പറഞ്ഞു. ക്യാംപസിൽ സമാധാനം പുനഃസ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ തന്റെ ലക്ഷ്യമെന്നും എല്ലാ വിദ്യാർഥികളും തനിക്ക് ഒരുപോലെയാണെന്നും ധനഞ്ജയ് സിങ് പറഞ്ഞു.
Read Also: ഹലോ ട്രംപ്, ഹാപ്പി ന്യൂയര്‍; യുഎസ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോദി
അതേസമയം, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ സന്ദേശങ്ങളുള്ള മറ്റൊരു ഗ്രൂപ്പായ ‘യൂണിറ്റി എഗെെൻസ്റ്റ് ലെഫ്റ്റി’ൽ എബിവിപി ഭാരവാഹികളുണ്ട്. ഇതിൽ വിജയകുമാർ എന്ന വ്യക്തിയെ സമീപിച്ചപ്പോൾ ഗ്രൂപ്പിൽ തന്നെ ആരാണ് ചേർത്തതെന്ന് അറിയില്ലെന്നും ചേർത്ത നിമിഷം തന്നെ ഗ്രൂപ്പിൽനിന്ന് പുറത്തുപോയെന്നും അദ്ദേഹം പറഞ്ഞു.