ന്യൂഡല്‍ഹി: “എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ പോലെയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമായില്ല. കയ്യില്‍ കിട്ടിയവരെയെല്ലാം അക്രമികള്‍ മര്‍ദിച്ചു.” ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടന്ന അതിക്രമങ്ങളെ കുറിച്ച് വിവരിക്കുകയാണ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ചെറുമകനുമായ അമിത് പരമേശ്വരന്‍. ജെഎന്‍യുവില്‍ നടന്ന അക്രമങ്ങളിൽ അമിത് പരമേശ്വരന്റെ ഇടതുകൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിലായിരുന്ന അമിത് ഇന്നാണ് ഡിസ്‌ചാർജ് ആയത്.

“ജെഎന്‍യു അധ്യാപക സംഘടന സബര്‍മതി ടി-പോയിന്റ് പരിസരത്തു നിന്ന് ഇന്നലെ വൈകീട്ട് നാലിനാണ് സമാധാന മാര്‍ച്ച് ആരംഭിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളും ഈ മാര്‍ച്ചില്‍ പങ്കെടുത്തു. ഫീസ് വർധനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധിച്ചിരുന്നു. വളരെ സമാധാനപരമായ പ്രതിഷേധമായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായാണ് അധ്യാപക സംഘടനയും സമാധാന മാർച്ച് നടത്തിത്,” അമിത് പരമേശ്വരൻ പറഞ്ഞു.

Read Also: ഐഷ ഘോഷിന്റെ തലയില്‍ 16 തുന്നലുകള്‍, ഇടത് കയ്യില്‍ പരുക്ക്

സമാധാന മാർച്ചിന്റെ സമയത്താണ് അക്രമി സംഘം ക്യാംപസിൽ പ്രവേശിച്ചിട്ടുണ്ടെന്ന് വാർത്തകൾ വരുന്നത്. ഹോസ്റ്റലുകളിൽ പോയി നോക്കാമെന്നു ഞങ്ങൾ കുറച്ച് അധ്യാപകർ തീരുമാനിച്ചു. എന്നാൽ, അങ്ങോട്ട് പോകരുതെന്നും, സ്ഥിതി വളരെ മോശമാണെന്നും ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഒടുവിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അമിത് തൊറാത് എന്ന അധ്യാപകൻ പെരിയാർ ഹോസ്റ്റലിലേക്ക് കാര്യങ്ങൾ തിരക്കാൻ പോയി. മർദനമേറ്റ നിലയിലാണ് അദ്ദേഹം പിന്നീട് തിരിച്ചുവന്നത്.

സമാധാന മാർച്ചിനു ശേഷം അധ്യാപകരും വിദ്യാർഥികളും ഒന്നിച്ചുനിൽക്കുകയായിരുന്നു. ഈ സമയം മുഖംമൂടി ധരിച്ച അക്രമി സംഘം ഞങ്ങളുടെ അടുത്തേക്ക് എത്തി. അവർ 50-60 പേരുണ്ടായിരുന്നു. എല്ലാവരും മുഖംമൂടി ധരിച്ചിട്ടുള്ളതിനാൽ മുഖം മനസ്സിലായില്ല. എല്ലാവരുടെയും കയ്യിൽ കല്ലുകളുണ്ടായിരുന്നു. വലിയ കല്ലുകൾ ഞങ്ങൾക്കു നേരെ എറിയാൻ തുടങ്ങി. ക്യാംപസിനകത്തുനിന്നും ശേഖരിച്ച കല്ലുകൾ അല്ലായിരുന്നു അത്. മറ്റെവിടെ നിന്നോ കൊണ്ടുവന്നതാണ്. ആക്രമണം ആസൂത്രിതമാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമായി.

Read Also: കൊന്നാലും പല്ല് കാണിച്ച് ചിരിക്കില്ലെന്ന് വാശിയുള്ള പെൺകുട്ടി, അവളിപ്പോ എവിടെയാണാവോ? കലാലയ ഓർമ പങ്കുവച്ച് അശ്വതി

കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റു. ഞങ്ങൾ മുപ്പതോളം അധ്യാപകരുണ്ടായിരുന്നു. കൂടാതെ വിദ്യാർഥികളും. കല്ലേറിനു ശേഷം കയ്യിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഞങ്ങളെ മർദിക്കാൻ തുടങ്ങി. അതിനിടയിലാണ് എന്റെ കൈയ്ക്കു പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരു അധ്യാപകന്റെ തലയിൽ മുറിവേറ്റു. ഞങ്ങളെ ആക്രമിക്കുന്നതിനൊപ്പം അവിടെ കിടന്നിരുന്ന കാറുകളെല്ലാം അവർ തല്ലിതകർത്തു.

തലയ്ക്ക് പരുക്കേറ്റ അധ്യാപകനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ഞാൻ ശ്രമിച്ചു. യൂണിവേഴ്‌സിറ്റിയുടെ പ്രധാന കവാടത്തിനു മുന്നിലെത്തിയപ്പോൾ അക്രമി സംഘം ആംബുലൻസ് തടഞ്ഞു. ഞങ്ങളുടെ ആംബുലൻസിന് മുന്നിൽ വേറെ രണ്ട് ആംബുലൻസുമുണ്ടായിരുന്നു. ജെഎൻയുവിൽ കാണാത്ത ചിലരാണ് ആംബുലൻസുകൾ തടഞ്ഞത്. അവരുടെ തൊട്ടടുത്ത് തന്നെ പൊലീസും ഗാർഡും നിൽക്കുന്നുണ്ട്. ആംബുലൻസ് തടയുന്നവരോട് പൊലീസ് ഒരക്ഷരം പോലും മിണ്ടുന്നില്ല. അക്രമിസംഘത്തിന് ഒത്താശ ചെയ്യുന്ന രീതിയിലായിരുന്നു പൊലീസിന്റെ നിൽപ്പ്. മാത്രമല്ല, അവർ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതായും തോന്നി.

Read Also: JNU Live News Updates: ജെഎന്‍യു അക്രമം: ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു

പ്രധാന കവാടത്തിലൂടെ പ്രവേശിക്കാൻ സാധിക്കാത്തതിനാൽ മറ്റൊരു ഗേറ്റിലൂടെയാണ് ആംബുലൻസ് പുറത്തേക്ക് കടന്നത്. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച രീതിയിലായിരുന്നു ഇവരുടെ അക്രമങ്ങളെല്ലാം. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ക്യാംപസിനുള്ളിൽ എബിവിപി പ്രവർത്തകർ ഓരോ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. പല വിദ്യാർഥികളെയും അവർ ക്യാംപസിനുള്ളിൽവച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ ജെഎൻയുവിൽ കണ്ടത്,” അമിത് പരമേശ്വരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook