ന്യൂഡല്‍ഹി: ജെഎൻയു വിദ്യാർഥികൾക്ക് നേരെ ലാത്തിവീശി ഡൽഹി പൊലീസ്. പ്രതിഷേധിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് പൊലീസ് ലാത്തിവീശിയത്. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ച് അക്രമാസക്‌തമായി. സമാധാനപരമായി മാർച്ചിൽ പങ്കെടുത്തിരുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. നിരവധി വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു.

മാനവവിഭവശേഷി മന്ത്രാലയവുമായി കോളേജ് യൂണിയൻ നടത്തിയ  ചർച്ച പരാജയപ്പെട്ടു. വെെസ് ചാൻസലറെ മാറ്റാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ നിലപാടെടുത്തു. എന്നാൽ, വിസിയെ മാറ്റുന്നത് പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്ന് മാനവിഭവശേഷി മന്ത്രാലയം പറഞ്ഞു. ഇതോടെ ചർച്ച പരാജയപ്പെട്ടു.

അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണം വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ ആണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

രാജിവയ്ക്കുകയല്ല, വൈസ് ചാന്‍സലറെ പുറത്താക്കുകയാണ് ചെയ്യേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി മണ്ഡി ഹൗസ് പരിസരത്ത് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: രാജ്യം കടന്നുപോകുന്നത് അതികഠിനമായ സാഹചര്യങ്ങളിലൂടെ; ആശങ്ക പരസ്യമാക്കി ചീഫ് ജസ്റ്റിസ്

സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍ജെഡി വക്താവ് മനോജ് ഷാ, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം വൈസ് ചാന്‍സലറുടെ നിലപാടാണ്. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് ക്യാംപസിന് പുറത്തുണ്ടായിരുന്നു. വൈസ് ചാന്‍സലര്‍ പൊലീസിനെ ക്യാംപസിനകത്തേക്ക് വിളിച്ചില്ല. അക്രമങ്ങളെല്ലാം കഴിഞ്ഞതിനു ശേഷമാണ് പൊലീസിനെ ഉള്ളിലേക്ക് വിളിച്ചത്. ഇതിനര്‍ഥം വൈസ് ചാന്‍സലറും അക്രമങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണെന്നും യെച്ചൂരി വിമര്‍ശിച്ചു.

Read Also: കല്യാണതിരക്കുകൾ കഴിഞ്ഞു, ഇനി അൽപ്പം ഉല്ലാസം; ഫാമിലി ട്രിപ്പുമായി ഉപ്പും മുളകും ടീം

മണ്ഡി ഹൗസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷും എത്തി. വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു. തന്നെ കൊലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ക്യാംപസില്‍ നടന്നതെന്ന് ഐഷി ഘോഷ് ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook