ശ്രീനഗനർ: ജമ്മു കശ്മീരിൽ 13 വർഷത്തിനു ശേഷം നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ കശ്മീർ താഴ്‌വരയിൽ രേഖപ്പെടുത്തിയത് വെറും എട്ടു ശതമാനം വോട്ടിങ്. അതേസമയം, ജമ്മുവിൽ 70 ശതമാനം വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന തിവ്രവാദികളുടെ ഭീഷണി നിലനിൽക്കവേയാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്.

ജമ്മുവിന്റെ അതിർത്തി ജില്ലകളിലും, കശ്മീരിലെ എട്ട് ജില്ലകളിലായാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തെ മുഖ്യകക്ഷികളായ നാഷണൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.

ജമ്മു പ്രവിശ്യയിലെ ജോരിയനിൽ 89% വോട്ട് രേഖപ്പെടുത്തി, ഗോ മാനസ (86.21), ബിഷാന (85.44), ഖൊർ (82.13), ആർഎസ് പുര (80.14), ആക്നൂർ (80.49), ആർണിയ (80.16), ജമ്മു മുൻസിപ്പൽ കോർപ്പറേഷൻ (61.92) എന്നിങ്ങനെയാണ് വോട്ടിങ് നില.

ഒരിക്കൽ തീവ്രവാദികളുടെ ആക്രമണം തുടർച്ചയായി നടന്നിരുന്ന രജൗരി ജില്ലയിലെ തനാമണ്ടിയിൽ 90.23% വോട്ടിങ് രേഖപ്പെടുത്തി. പൂഞ്ച് ജില്ലയിലെ സുരാൻകോട്ടിൽ 89% വോട്ടിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കശ്മീരിൽ 149 വാർഡുകളിലെ 92 വാർഡുകളിൽ ഒരു വോട്ട് പോലും രേഖപ്പെടുത്തിയിട്ടില്ല. 69 വാർഡുകളിലെ 23 വാർഡിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് പ്രകാരം തെക്കൻ കശ്മീരിലെ ആനന്ദ്നഗിലുളള 13 വാർഡുകളിലെ നാലു വാർഡുകളിൽ മാത്രമേ തിരഞ്ഞെടുപ്പ് നടന്നുള്ളൂ. ബരാമുള്ള മേഖലയിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ജൻബസ്പൊരയിൽ 580 വോട്ടുകളുള്ള എ ബൂത്തിൽ ഒരു വോട്ട് പോലും രേഖപ്പെടുത്തിയില്ല. എന്നാൽ 1097 വോട്ടുകളുള്ള ജൻബസ്പൊര ബി ബൂത്തിൽ ഒരു വോട്ടാണ് രേഖപ്പെടുത്തിയത്.

കുപ്‌വാരയിലും ഹൻദ്വാര മുൻസിപ്പൽ കമ്മിറ്റിയിലും 32.3% വോട്ടാണ് രേഖപ്പെടുത്തിയത്. ശ്രീനഗറിലെ മൂന്ന് വാർഡുകളിൽ 6.2% വോട്ടാണ് രേഖപ്പെടുത്തിയതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ