ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
‘ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന് കഴിഞ്ഞു. മറ്റ് അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്,’ ജമ്മു കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു.
സെയ്ന്പോറ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് വക്താവ് നേരത്തേ അറിയിച്ചിരുന്നു.
ഒക്ടോബറില്‍ ശ്രീനഗറിലെ ഫത്തേ കാഡലില്‍ നടന്ന ഏറ്റുമുട്ടലിലും മൂന്ന് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി തിരച്ചില്‍ നടത്തി.
പ്രകോപനമില്ലാതെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചത്. സുരക്ഷ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും അധികാരികള്‍ ഉത്തരവിറക്കിയിരുന്നു.