ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്നു രാവിലെ ടിക്കേന്‍ മേഖലയിലാണ് സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

തിരച്ചിലിനിടയില്‍ പ്രകോപനങ്ങളില്ലാതെ തന്നെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
‘ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല,’ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച തെക്കന്‍ കശ്മീരിലെ ട്രാലില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷ്-ഇ-മൊഹമ്മദ് എന്ന ഭീകരസംഘടനയില്‍ ഉള്‍പ്പെട്ട ഒരാളെ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ജെയ്ഷ്-ഇ-മൊഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവായ ഉസ്മാന്‍ അഹമ്മദ് കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ ഏറ്റുമുട്ടല്‍ നടന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ഷോപ്യാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ മുമ്പ് സൈന്യത്തില്‍ സേവനം അനുഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ടു ഭീകരരും ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനയുടെ ഭാഗമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ