കശ്‌മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടു പോയി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഭീകര സംഘടനയായ അല്‍-ബദറിന്റെ പോഷക സംഘടനയുമായി ബന്ധപ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടത്. തിരച്ചിലിനിടയില്‍ സുരക്ഷാ സംഘത്തിനു നേരെ ഒളിച്ചിരിക്കുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. നവാസ് അഹമ്മദ് വഗായ്, യവാര്‍ വാനീ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍. സംഭവസ്ഥലത്തുനിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടു പോയി. മിമേന്ദര്‍ ഗ്രാമത്തിലെ സുഹേല്‍ അഹമ്മദ് ഗാനി എന്നയാളെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് രാവിലെയാണ് സുഹൈലിനെ തട്ടിക്കൊണ്ടുപോയതെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചത്.

കഴിഞ്ഞദിവസം ഷോപ്പിയാനിലെ മാന്‍സ്ഗാം ‌ ഗ്രാമത്തിലെ ഹുസൈഫ് അഹമ്മദ് എന്ന യുവാവിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഹുസൈഫിനൊപ്പം തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കള്‍ ഭീകരരുടെ പിടിയിലാണ്. പുല്‍വാമയിലും ഭീകരര്‍ ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jk two militants killed in encounter in shopian district

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express