ശ്രീനഗര്‍: സുഹൃത്തിന് വൃക്ക ദാനം ചെയ്യാനുളള സിഖുകാരിയായ പെണ്‍കുട്ടിയെ തടഞ്ഞ് കുടുംബം. 23കാരിയായ മണ്‍ജോത് സിങ് കോഹ്‌ലിയാണ് 22കാരിയായ സുഹൃത്ത് സമ്രീന്‍ അക്തറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായത്. കശ്മീരിലെ ഉദ്ദംപൂറില്‍ നിന്നുളള സിഖ് കുടുംബത്തില്‍ പെട്ടയാളാണ് മണ്‍ജോത്. കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കശ്മീരിലെ ആശുപത്രി അധികൃതരും ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല.

ജോക്ടര്‍മാര്‍ അനാവശ്യമായ തടസ്സങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും മണ്‍ജോത് പറഞ്ഞു. ‘കഴിഞ്ഞ നാല് വര്‍ഷമായി ഞാനും സമ്രീനും സുഹൃത്തുക്കളാണ്. വൈകാരികമായി ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. മനുഷ്യത്വത്തിലുളള വിശ്വാസമാണ് എന്നെ വൃക്ക ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. കുറച്ച് വര്‍ഷങ്ങളായി കശ്മീരിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഞാനും സമ്രീനും പ്രവര്‍ത്തിക്കുന്നുണ്ട്. അവളുടെ വൃക്ക തകരാറിലാണെന്ന കാര്യം ഇന്നുവരെ സമ്രീന്‍ എന്നോട് പറഞ്ഞിട്ടില്ല. മറ്റൊരു കൂട്ടുകാരി മുഖേനയാണ് അവളുടെ അസുഖം ഞാനറിയുന്നത്. എന്റെ കഷ്ടത നിറഞ്ഞ സമയങ്ങളില്‍ അവളായിരുന്നു എനിക്ക് പിന്തുണ നല്‍കിയും സ്നേഹം നല്‍കിയും കൂടെ നിന്നത്. അതുകൊണ്ടാണ് അവള്‍ക്കൊരു ആവശ്യം വന്നപ്പോള്‍ എന്റെ വൃക്ക ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്,’ മണ്‍ജോത് പറഞ്ഞു.

മണ്‍ജോത് സിങ്

മണ്‍ജോതിന്റെ തീരുമാനം തന്റെ ജീവിതം മാറ്റാന്‍ പോന്നതാണെന്നും താന്‍ കടപ്പെട്ടിരിക്കുന്നെന്നും സമ്രീന്‍ പറഞ്ഞു. ‘അവള്‍ അത്രയും വലിയ മനസ്സുളള പെണ്‍കുട്ടിയാണ്. ആദ്യം എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്നാല്‍ വൃക്ക ദാനം ചെയ്യാനായി കമ്മിറ്റിയുടെ മുമ്പാകെ അവള്‍ എന്നെ എത്തിച്ച് സ്വയം സന്നദ്ധത അറിയിച്ചു,’ സമ്രീന്‍ പറഞ്ഞു.

എന്നാല്‍ ഷരീഹ് കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സ്കിംസ്) ആശുപത്രി അധികൃതര്‍ തടസ്സങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മണ്‍ജോത് പറഞ്ഞു. വൃക്ക ദാനം ചെയ്യാനുളള ശസ്ത്രക്രിയയ്ക്കായി കമ്മിറ്റി അംഗീകാരം നല്‍കിയിട്ടും സ്കിംസ് അധികൃതരും ഡോക്ടര്‍മാരും പിന്നോട്ടടിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം, കമ്മിറ്റി ഇതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും ഡോക്ടര്‍ ഒമര്‍ ഷാ പറഞ്ഞു.

അതേസമയം, വൃക്കദാതാവ് മറ്റൊരു മതത്തിലുളള ആളായത് കൊണ്ടാവാം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താത്തതെന്നാണ് കരുതുന്നതെന്ന് മണ്‍ജോത് പറഞ്ഞു. തന്റെ കുടുംബം എതിര്‍ത്തത് കൊണ്ടുമാവാം ആശുപത്രി അധികൃതര്‍ അലംഭാവം കാട്ടുന്നതെന്നും മണ്‍ജോത് ആരോപിച്ചു. കുടുംബത്തിന്റെ സമ്മതം ഇല്ലെന്ന് കാണിച്ച് മണ്‍ജോതിന്റെ കുടുംബം ആശുപത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

‘ആശുപത്രി അധികൃതര്‍ക്ക് എന്റെ കുടുംബം നോട്ടീസ് അയച്ചിട്ടുണ്ട്. അവര്‍ ഒരിക്കലും സമ്മതം നല്‍കില്ല. എന്നാല്‍ എനിക്ക് പ്രായപൂര്‍ത്തി ആയത് കൊണ്ട് തന്നെ സ്വന്തമായി തീരുമാനം എടുക്കാം. നിയമപരമായി വൃക്ക ദാനം ചെയ്യാന്‍ എനിക്ക് കഴിയും. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ സമ്മതം വേണ്ട,’ മണ്‍ജോത് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) മണ്‍ജോത് കോടതിയെ സമീപിക്കുന്നുണ്ട്. നേരത്തേ ഇത്തരം കേസുകളില്‍ കോടതി വിധി പറഞ്ഞത് കൊണ്ട് അനുകൂല വിധി ലഭിക്കുമെന്നാണ് വിശ്വാസമെന്നും മണ്‍ജോത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ഒരു യുവതി സമാനമായ പരാതി ഉന്നയിച്ചപ്പോള്‍ വൃക്ക ദാനം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook