ശ്രീനഗർ: ഐഎഎസ് പദവി രാജിവച്ച് രണ്ട് മാസത്തിന് ശേഷം ജമ്മു കാശ്മീരിൽ ഷാ ഫൈസൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജമ്മു ആന്റ് കാശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്നാണ് പാർട്ടിയുടെ പേര്. ജവഹർലാൽ നെഹ്റു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ് ഈ പാർട്ടിയിൽ ചേർന്നു.

പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിനിടെ തന്റെ മാതൃക പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണെന്ന് ഷാ ഫൈസൽ പറഞ്ഞു. കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് കാശ്മീർ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമായി പറയുന്നത്. അതേസമയം കാശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ 35എ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎഎസ് പദവി രാജിവച്ച ഫൈസൽ നാഷണൽ കോൺഫറൻസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കാശ്മീർ താഴ്വരയിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച സമാന മനസ്കരെ ഒപ്പം കൂട്ടാനാണ് അദ്ദേഹം ശ്രമിച്ചത്.

ജമ്മു കാശ്മീരിൽ നിന്നും ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാമതെത്തിയ ആദ്യത്തെയാളാണ് ഷാ ഫൈസൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ