scorecardresearch
Latest News

ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളിൽ കുറവ്, ആശങ്കയായി സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്

2019 മുതൽ ജമ്മു കശ്മീരിൽ 690 ലധികം ഭീകരർ കൊല്ലപ്പെട്ടു. അതിൽ 132 പേർ ഈ വർഷമാണ് കൊല്ലപ്പെട്ടത്

indian army, jammu kashmir, ie malayalam

ശ്രീനഗർ: ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കി മൂന്ന് വർഷം പിന്നിട്ടിട്ടും, ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സംവിധാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 2019 മുതൽ ജമ്മു കശ്മീരിൽ 690 ലധികം ഭീകരർ കൊല്ലപ്പെട്ടു. അതിൽ 132 പേർ ഈ വർഷമാണ് കൊല്ലപ്പെട്ടത്. എന്നാൽ, ഇതേ കാലയളവിൽ 527 പേർ ഭീകര സംഘടനകളിൽ ചേർന്നു.

സോഷ്യൽ മീഡിയയും ഇന്റർനെറ്റ് അധിഷ്ഠിത പ്രചരണവുമാണ് ഭീകര സംഘടനകളിലേക്ക് കൂടുതൽ പേർ ചേരുന്നതിന് കാരണമെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിബാഗ് സിങ് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഉടൻ കുട്ടികളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

2019-ൽ റിക്രൂട്ട്‌മെന്റ് കണക്ക് 143 ആയിരുന്നു, 2020-ൽ 172 ആയി ഉയർന്നു, 2021-ൽ 136 ആയി കുറഞ്ഞു. 2022-ൽ, ജൂലൈ 31 വരെ, 76 വ്യക്തികൾ ഭീകര സംഘടനയിൽ ചേർന്നു.

ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളിൽ പകുതിയോളം നടക്കുന്നത് യാതൊരു വിവരവും ലഭ്യമാകാത്ത രീതിയിലാണെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഭീകരാക്രമണത്തിന് ശേഷമാണ് ഒരു വ്യക്തി സംഘടനയിൽ ചേർന്നതായി സുരക്ഷാ സേന അറിയുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, 2019 മുതൽ കശ്മീരിൽ ഭീകരാക്രമണങ്ങളും ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറഞ്ഞു വരികയാണ്. സർക്കാർ കണക്കുകൾ പ്രകാരം ക്രമസമാധാന പ്രശ്‌നങ്ങൾ 2019-ൽ 584 ആയിരുന്നത് 2020-ൽ 147 ആയും 2021-ൽ 77 ആയും കുറഞ്ഞു. ഈ വർഷം ഇത് 20 ആയി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളും കുറഞ്ഞിട്ടുണ്ട്. 2019-ൽ 255-ൽ നിന്ന് 2020-ൽ 244, 2021-ൽ 228 എന്നിങ്ങനെ സാവധാനത്തിലുള്ളതും എന്നാൽ സ്ഥിരവുമായ ഇടിവ് കാണിക്കുന്നു. ഈ വർഷം ഇതുവരെയുള്ള അത്തരം സംഭവങ്ങളുടെ എണ്ണം 81 ആണ്.

താഴ്‌വരയിലെ സ്ഥിതിഗതികൾ “ഏതാണ്ട് സാധാരണം” എന്നാണ് സുരക്ഷാ സേന പറയുന്നത്. 2022-ൽ നടന്ന സൈനിക നടപടികളിൽ പ്രധാനികളായ 29 ഭീകര കമാൻഡർമാരെങ്കിലും കൊല്ലപ്പെട്ടു. 2021-ൽ വിവിധ ഭീകര സംഘടനകളിൽ നിന്നുള്ള 44 കമാൻഡർമാരെങ്കിലും കൊല്ലപ്പെട്ടു.

ഭീകര പ്രവർത്തനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതും, എഫോഴ്സ്മെന്റ്, അനധികൃത പണമെത്തുന്നത് തടയാൻ ടാക്സ് റെയ്ഡുകൾ, താഴെത്തട്ടിൽ ഭീകരപ്രവർത്തനങ്ങളുടെ നെറ്റ്‌വർക്കുകൾ തകർക്കാൻ കഴിഞ്ഞതുമാണ് ഭീകരാക്രമണങ്ങളിലും ക്രമസമാധാന കേസുകളിലും കുറവുണ്ടാക്കിയതെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീർ ഭരണകൂടത്തിന്റെ മൾട്ടി-ഏജൻസി ടെറർ മോണിറ്ററിങ് ഗ്രൂപ്പിന്റെയും സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ഇതേ ശ്രമത്തിന്റെ ഭാഗമാണ്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്, 1967 (യുഎപിഎ), പൊതു സുരക്ഷാ നിയമം, 1978 (പിഎസ്എ) എന്നിവയ്ക്ക് കീഴിലുള്ള അറസ്റ്റുകളും ഈ നിയന്ത്രണത്തിന്റെ ഭാഗമാണ്. 2019 നും 2021 നും ഇടയിൽ യുഎപിഎ പ്രകാരമുള്ള കേസുകളുടെ എണ്ണം 2019ൽ 437 ആയിരുന്നത് 2020ൽ 557 ആയും 2021ൽ 528 ആയും ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ കേസുകൾ പ്രകാരം 2,700 പേർ അറസ്റ്റിലായിട്ടുണ്ട്.

2022-ൽ, ജൂലൈ 31 വരെ, യുഎപിഎ പ്രകാരം ഫയൽ ചെയ്ത കേസുകളുടെ എണ്ണം 389 ആണ്. അതേസമയം, പിഎസ്എ പ്രകാരം ഫയൽ ചെയ്ത കേസുകളുടെ എണ്ണം മുൻ വർഷത്തെ 277 ൽ നിന്ന് 2022 ൽ ഇതുവരെ 463 ആയി ഉയർന്നു. 2019 നും 2022 നും ഇടയിലുള്ള കാലയളവിൽ, ജമ്മു കശ്മീരിലുടനീളം കുറഞ്ഞത് 136 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ 146 സുരക്ഷാ ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസിലെ 57 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jk sees fall in militant attacks recruitment strategy worry