ജമ്മു: ജമ്മു കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി. തെക്കൻ കശ്മീരിലെ ജില്ലകളിൽനിന്നാണ് നാലുപേരെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. ഷോപ്പിയാൻ, കുൽഗാം, പുൽവാമ, അനന്ത്നാഗ് എന്നീ ജില്ലകളിൽ താമസിക്കുന്ന പൊലീസുകാരുടെ ബന്ധുവീടുകളിൽ ഭീകരർ തിരച്ചിൽ നടത്തിയതിനുശേഷമാണ് മക്കളെയും പൊലീസുകാരുടെ സഹോദരന്മാരെയും തട്ടിക്കൊണ്ടുപോയതെന്നാണ് അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
‘സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണ്. ഇതുസംബന്ധിച്ച് ഒരു പരാതിയിലും ഇതുവരെ ലഭിച്ചിട്ടില്ല’, ഐജിപി (കശ്മീർ) എസ്പി പാനി ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഷോപ്പിയാനിൽ നാലു പൊലീസുകാരെ ഭീകരർ വധിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ഇപ്പോഴത്തെ സംഭവം. ഭീകരരുടെ വീടുകൾ സൈന്യം അഗ്നിക്കിരയാക്കിയതിന്റെ പ്രതികാരമെന്നോണമാണ് പൊലീസുകാരെ വധിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാലിത് സൈന്യം നിഷേധിച്ചു. അതേദിവസം തന്നെയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തനങ്ങളുടെ തലവൻ റിയാസ് നെയ്കൂവിന്റെ പിതാവിനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്.
‘ഭീകരരുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്യുന്നതിന്റെ മറുപടിയെന്നോണമാണ് പൊലീസുകാരുടെ ബന്ധുക്കളെ ഭീകരരർ തട്ടിക്കൊണ്ടുപോയത്. അതിലൂടെ പൊലീസിനെ സമ്മർദ്ദത്തിലാക്കുകയാണ് ഭീകരരുടെ ലക്ഷ്യം’, ഒരു മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
അർവാനി, കുൽഗാം എന്നിവിടങ്ങളിൽനിന്നും രണ്ടു പൊലീസുകാരുടെ സഹോദരന്മാരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയതെന്നാണ് വൃത്തങ്ങൾ പറയുന്നത്. ട്രാലിൽനിന്നും ഒരു പൊലീസുകാരന്റെ മകനെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കുൽഗാമിലെ യാംറാച്ചിൽനിന്നും ഒരു പൊലീസുകാരന്റെ ബന്ധുവിനെയും തട്ടിക്കൊണ്ടു പോയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥന് അകമ്പടി പോയ നാലു പൊലീസുകാരെയാണ് ഭീകരർ കഴിഞ്ഞ ദിവസം വധിച്ചത്. പൊലീസ് വാഹനങ്ങളിൽ ഒന്ന് കേടായപ്പോൾ ശരിയാക്കുന്നതിനായി പുറത്തിറങ്ങിയ നാലുപേരെയാണ് ഭീകരർ വെടിവച്ചു കൊന്നത്. അതിനുശേഷം പൊലീസുകാരുടെ തോക്കുകളും അപഹരിച്ച് ഭീകരരർ കടന്നുകളയുകയായിരുന്നു. ഈ വർഷം പൊലീസുകാർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമായിരുന്നു ഇത്.