ജമ്മു: 36 ഭീകരരെ പിടികൂടാന്‍ ഇന്റര്‍പോളിനെ സമീപിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് തീരുമാനം. നിലവില്‍ പാകിസ്ഥാന്‍, പാക് അധീന കശ്മീരില്‍ എന്നിവിടങ്ങളില്‍ ഭീകരരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതി 36 ഭീകരരില്‍ 23 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതായി കിഷ്ത്വാര്‍ എസ്എസ്പി ഖലീല്‍ പോസ്വാള്‍ പറഞ്ഞു. നേരത്തെ മാര്‍ച്ച് ഒന്നിന് മറ്റ് 13 പേര്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ഇന്റര്‍പോളിനെ സമീപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
1990കളുടെ മധ്യത്തിനും 2004-05 നും ഇടയില്‍ ഭീകരരുടെ പട്ടിയില്‍ ഉള്‍പ്പെട്ടതിന് ശേഷമാണ് കിഷ്ത്വാറില്‍ നിന്നുള്ള 36 പേര്‍ പാകിസ്ഥാനിലേക്കും പാക് അധീന കശ്മീരിലേക്കും കടന്നതെന്നും ഇവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്എസ്പി പറഞ്ഞു. പാകിസ്ഥാന്‍ മണ്ണില്‍ നിന്ന് അവര്‍ പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു, അദ്ദേഹം പറഞ്ഞു.
”ഇപ്പോള്‍ പാക്കിസ്ഥാനില്‍ തങ്ങുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചതിനാല്‍, ഞങ്ങള്‍ ഇന്റര്‍പോളിനെ സമീപിക്കാന്‍ തീരുമാനിച്ചു,നേരത്തെ, അവരില്‍ 13 പേര്‍ക്കെതിരെ ഞങ്ങള്‍ ജാമ്യമില്ലാ വാറണ്ട് നേടിയിരുന്നു. ഇപ്പോള്‍ 23 പേര്‍ക്കെതിരെ കൂടി വാറണ്ടുണ്ട്, ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ഉടന്‍ ഇന്റര്‍പോളിന് സമീപിക്കുമെന്നും” ഖലീല്‍ പോസ്വാള്‍ പറഞ്ഞു.
തീവ്രവാദികളെ പിടികൂടാന്‍ പാകിസ്ഥാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന്, അത് അന്താരാഷ്ട്ര നിയമത്തിന്റെ കാര്യമായതിനാല്‍ അത് ചെയ്യണമെന്നും ഖലീല്‍ പോസ്വാള്‍ പറഞ്ഞു. എന്‍ഐഎ നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം പ്രത്യേക ജഡ്ജി കൂടിയായ ജമ്മുവിലെ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി അശ്വനി കുമാര്‍ ശര്‍മ്മ, എഫ്ഐആര്‍ നമ്പറില്‍ പേരുള്ള 23 പ്രതികള്‍ക്കെതിരെ ചൊവ്വാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.