കശ്മീർ: മുടി മുറിക്കുന്ന ആളെന്ന സംശയത്തിന്റെ പേരിൽ മാനസിക രോഗിയായ യുവാവിനെ ജനക്കൂട്ടം ആക്രമിച്ചു. പളളിയിൽ പ്രാർഥിക്കാനെത്തിയ മുസ്‌ലിം യുവാവിനെ ജനങ്ങൾ കൂട്ടം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. യുവാവിനെ തീ കൊളുത്തി കൊല്ലാനും ഇയാൾക്കുമേൽ ട്രാക്ടർ കയറ്റാനും ശ്രമമുണ്ടായി. കശ്മീരിലെ സോപോറിലാണ് സംഭവം. മറ്റൊരു യുവാവിനെ ബോട്ടില്‍ നിന്നും പിടികൂടി വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമം നടന്നു.

മുടി മുറിക്കുന്നയാളെ ജനക്കൂട്ടം പിടികൂടിയെന്ന വാർത്തയറിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ പുല്ല് കൂട്ടിയിട്ട് കത്തിച്ച് യുവാവിനെ അതിലേക്ക് തളളിയിടാനുളള ശ്രമത്തിലായിരുന്നു ജനക്കൂട്ടം. പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായതെന്ന് സോപോർ എസ്‌പി ഹർമീത് സിങ് പറഞ്ഞു.

യുവാവിനെ സോപോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിൽസയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് ഡോക്ടർമാരുടെ നിർദേശം പ്രകാരം പിന്നീട് മാറ്റി. യുവാവിന്റെ വീട്ടുകാരം വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ കണ്ടെത്തിയതായും അവർക്കെതിരെ കേസെടുത്തതായും ഹർമീത് സിങ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ