ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബന്ദിപ്പോറയിലെ ഹാജിൻ പ്രദേശത്ത് ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യവും തിരിച്ചടിച്ചു. ഇതിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്.

സൈന്യത്തിന് പരുക്കേറ്റതായി വിവരമില്ല. സ്ഥലത്ത് ഭീകരർ ഇനിയും ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം. സൈന്യം ഇവർക്കായുളള തിരച്ചിൽ തുടരുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ബന്ദിപ്പോറയില്‍ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.

അതിനിടെ, ജമ്മു കശ്മീരിലെ ഭീംബർ ഗലി മേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ രണ്ടു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ