ജമ്മു കശ്‌മീരിൽ ഗവർണർ ഭരണം; സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേന മേധാവി

ജമ്മു കശ്‌മീരില്‍ മെഹ്‍ബൂബ മുഫ്തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ പിൻവലിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്‍ബൂബ രാജിവയ്‌ക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്‌തിരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തിയത് സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. താ‌ഴ്‌വരയിലെ സൈനിക ഓപ്പറേഷൻ പഴയതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. റമദാൻ മാസത്തിൽ വിശ്വാസികൾക്ക് സമാധാനപരമായി പ്രാർത്ഥനകൾ നടത്തുന്നതിനാണ് സൈനിക നടപടികൾ നിർത്തിവച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

റമദാൻ മാസത്തിൽ നിർത്തിവച്ച സൈനിക നടപടികൾ കഴിഞ്ഞ ഞായറാഴ്‌ചയോടെ വീണ്ടും തുടങ്ങിയിരുന്നു. സൈനികൻ ഔറംഗസീബിനെ ഭീകരരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതോടെയും മാധ്യമ പ്രവർത്തകൻ ഷുജാത് ബുഖാരി വെടിയേറ്റ് കൊല്ലപ്പെട്ടതോടെയുമാണ് സൈനിക നടപടികൾ പുനരാംഭിച്ചത്.

ജമ്മു കശ്‌മീരില്‍ മെഹ്‍ബൂബ മുഫ്തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ പിൻവലിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്‍ബൂബ രാജിവയ്‌ക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്‌തിരുന്നു. ഇനിയൊരു സഖ്യ സര്‍ക്കാരിനുള്ള സാധ്യതയില്ലെന്ന് മറ്റു പാര്‍ട്ടികളായ നാഷണല്‍ കോൺഫറന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയതോടെയാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഉറപ്പായത്. ഇതോടെയാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുറത്തിറക്കിയത്.

ജമ്മു കശ്‌മീരിൽ പിഡിപിയുമായുളള​ സഖ്യം പിൻവലിക്കുന്നുവെന്ന് ബിജെപിയാണ് അറിയിച്ചത്. 2014 ലാണ് സഖ്യം രൂപീകരിച്ചത്. മൂന്നരവർഷത്തെ സഖ്യമാണ് തകർന്നത്. ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ബിജെപി വക്താവ് റാം മാധവ് സഖ്യം തകർന്നതിനെ കുറിച്ച് പ്രതികരിച്ചത്. ഈ​ സഖ്യത്തിന് ചുക്കാൻ പിടിച്ച റാം മാധവ് തന്നെയാണ് പിന്തുണ​ പിൻവലിക്കുന്ന കാര്യം അറിയിച്ചത്.

2014 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പിഡിപിയും ബിജെപിയും ചേർന്ന് സഖ്യമുണ്ടാക്കി അധികാരത്തിലെത്തിയത്. ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ബിജെപി പിന്തുണ പിൻവലിക്കുന്നത്. ഇനി ഈ സഖ്യവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ബിജെപി ഈ തീരുമാനം എടുത്തത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jk imposition of governors rule will not impact ongoing military operations says bipin rawat

Next Story
വാർത്ത വായിക്കുന്നതിനിടെ അവതാരക വിതുമ്പി കരഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com