ശ്രീനഗര്‍: നിയന്ത്രണ രേഖ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിവയ്പ്. മോട്ടാര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമിക്കുന്നത്. നൗഷോറ, മെന്തര്‍, പൂഞ്ച് മേഖലകളിലാണ് ആക്രമണം നടക്കുന്നത്.

ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും ശക്തമായ തിരിച്ചടി നടക്കുന്നുണ്ട്. തിരിച്ചടിയില്‍ അഞ്ച് പാക് പോസ്റ്റുകള്‍ തകർന്നിട്ടുണ്ട്. നിരവധി പാക് സൈനികർക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്. അതേസമയം, വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും പ്രദേശ വാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെ യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. അതേസമയം, ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.

അതീവജാഗ്രതയോടെയാണ് ഇന്ത്യന്‍ സൈന്യം ഈ ആക്രമണങ്ങളെ നിരീക്ഷിക്കുന്നത്. കരസേനയ്ക്ക് പുറമെ, പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ വിദഗ്‌ധ സംഘം എന്തിനും തയാറായി നിലയുറപ്പിച്ചിട്ടുണ്ട്. ബാലാകോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതില്‍ ശക്തമായ പ്രതിഷേധത്തിലാണ് പാക്കിസ്ഥാന്‍. എന്നാൽ പാക്കിസ്ഥാനെതിരെയല്ല ആക്രമണം എന്നും ഭീകരര്‍ക്ക് എതിരെയാണെന്നുമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം.

ഇന്ത്യ-പാക്കിസ്ഥാന്റെ സ്വതന്ത്ര പരമാധികാരത്തെ അപമാനിച്ചുവെന്നും, ഈ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നുമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുളള വാദം. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു.

നിലവില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ബുധനാഴ്ച ആരംഭിക്കും. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യയുടെ നടപടിയെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook