ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സൈന്യവുമായുളള ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു. ഐഎസിന്റെ കശ്‌മീര്‍ വിഭാഗമായ ഇസ്‌ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്‌മീര്‍ എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്ന് സംശയിക്കുന്നതായി ഡിജിപി സേശ് പോൾ വായിദ് പറഞ്ഞു. ഈ സംഘടനയുടെ തലവൻ ദാവൂദ് അഹമ്മദ് സോഫിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ജമ്മു കശ്‌മീർ പൊലീസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ ഒരാളും ഒരു ഗ്രാമീണനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ മൂന്നു ഗ്രാമീണരുടെ നില അതീവ ഗുരുതരമാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കശ്‌മീരിലെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.

ഇതാദ്യമായാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്‌മീര്‍ എന്ന ഭീകരസംഘടനയുടെ സാന്നിധ്യം ജമ്മു കശ്‌മീർ പൊലീസ് സ്ഥിരീകരിക്കുന്നത്. ഈ സംഘടനയിൽ പത്തോളം യുവാക്കൾ ചേർന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിനെ ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചിട്ടുണ്ട്.

അനന്ത്നാഗ് പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സൈന്യവും ജമ്മു കശ്‌മീർ പൊലീസും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ ഭീകരർ വെടിയുതിർത്തു. സൈന്യത്തിന്റെ തിരിച്ചടിയിൽ നാലു ഭീകരർ കൊല്ലപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook