ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഹേമന്ത് കുമാറിന്റെ കൊലപാതകത്തില്‍ വീട്ടു ജോലിക്കാരന് അറസ്റ്റില്‍. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലപാതകം നടത്തിന് ഒരു ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
വീട്ടു ജോലിക്കാരനായ യാസിര്‍ അഹമ്മദിനെ തുടക്കം മുതല്‍ പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിമുതല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപക തിരച്ചിലിനൊടുവിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാത്രിയാണ് ഡിജിപി ഹേമന്ത് കുമാറിനെ സ്വന്തം വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവില്‍ എത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സംഭവം.
“പ്രാഥമിക അന്വേഷണത്തില്‍ വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. യാസിര്‍ അഹമ്മദിനെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കേണ്ടതാണ്,” പൊലീസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊലപാതകത്തിന് പിന്നില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ തീവ്രവാദ ബന്ധം കാണുന്നില്ലെന്നും പൊലീസ് പറയുന്നു. കൃത്യത്തിനുപയോഗിച്ചിട്ടുള്ള ആയുധവും പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ചുള്ള രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ആക്രമണശൈലിയുള്ള വ്യക്തിയാണെന്നും വിഷാദത്തിലായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ജെയ്ഷെ മുഹമ്മദിന്റെ (ജെഎം) മുന്നണിയാണെന്ന് പോലീസ് പറയുന്ന പീപ്പിൾ എഗൈൻസ്റ്റ് ഫാസിസ്റ്റ് ഫോഴ്സസ് (പിഎഎഫ്എഫ്) കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. ഇത് സംബന്ധിച്ച് പിഎഎഫ്എഫിന്റേതെന്ന് സംശയിക്കപ്പെടുന്ന പ്രസ്താവനയും പുറത്തു വന്നിട്ടുണ്ട്.