scorecardresearch

അമര്‍നാഥ് മേഘവിസ്‌ഫോടനം: മരണം 16 ആയി, യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

16 മൃതദേഹങ്ങള്‍ ബല്‍ത്താലിലേക്കു മാറ്റി. 30-40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഐ ടി ബി പിയുടെ പി ആര്‍ ഒ വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു. ഗുഹയ്ക്കു സമീപം കുടുങ്ങിപ്പോയ 15,000 തീര്‍ഥാടകരെ പഞ്ച്തര്‍ണിയിലെ ലോവര്‍ ബേസ് ക്യാമ്പിലേക്കു മാറ്റി

അമര്‍നാഥ് മേഘവിസ്‌ഫോടനം: മരണം 16 ആയി, യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ഫൊട്ടോ: Chinar Corps- Indian Army/Twitter

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ അമര്‍നാഥ് ഗുഹയ്ക്കു സമീപം മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

16 മൃതദേഹങ്ങള്‍ ബല്‍ത്താലിലേക്കു മാറ്റിയതായി ബി എസ് എഫിന്റെ ഡല്‍ഹിയിലെ വക്താവ് അറിയിച്ചു. അമര്‍നാഥ് തീർഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപം തീര്‍ഥാടകര്‍ ക്യാമ്പ് ചെയ്യുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണു മേഘവിസ്‌ഫോടനമുണ്ടായത്. ഗുഹയ്ക്കുമുകളില്‍നിന്നു വെള്ളം ഇരച്ചെത്തുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ ക്യാമ്പിന്റെ ഒരു ഭാഗം ഒലിച്ചുപോയി.

“ക്യാമ്പിൽ ഏകദേശം 3,000 പേരെ ഉണ്ടായിരുന്നു.തീര്‍ത്ഥാടകരും ട്രെക്കിങ്ങിനോ അത്താഴത്തിനു പോകുമ്പോഴോ ആയിരുന്നു സംഭവം,“ കശ്മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍ കെ പാണ്ഡുരംഗ് പോൾ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ബോള്‍ ബേസ് ക്യാമ്പിലെ കുറഞ്ഞത് 25 കൂടാരങ്ങളെങ്കിലും തകര്‍ന്നതായാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. തീര്‍ഥാടകര്‍ക്കു ഭക്ഷണം നല്‍കിയിരുന്ന മൂന്ന് കമ്യൂ ണിറ്റി കിച്ചണുകളും തകര്‍ന്നതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

30-40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ ടി ബി പി) പി ആര്‍ ഒ വിവേക് കുമാര്‍ പാണ്ഡെ എ എന്‍ ഐയോട് പറഞ്ഞു. കാണാതായവരെ കണ്ടെത്താന്‍ മൗണ്ടന്‍ റെസ്‌ക്യൂ ടീമുകളും ലുക്ക്ഔട്ട് പട്രോളിങ്ങും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ കശ്മീര്‍ പൊലീസ് ഐ ജിയും കശ്മീര്‍ ഡിവിഷന്‍ കമ്മിഷണറും ഇന്നു പുലര്‍ച്ചെ അമര്‍നാഥ് ഗുഹയിലെത്തി. ബി എസ് എഫിന്റെ മി-17 ഹെലികോപ്റ്ററിനൊപ്പം കരസേനാ സമാന സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്.

അമര്‍നാഥ് ഗുഹയ്ക്കു സമീപം കുടുങ്ങിപ്പോയ 15,000 തീര്‍ഥാടകരെ പഞ്ച്തര്‍ണിയിലെ ലോവര്‍ ബേസ് ക്യാമ്പിലേക്കു മാറ്റിയതായും യാത്രികരാരും പാതയില്‍ അവശേഷിക്കുന്നില്ലെന്നും ഐ ടി ബി പി വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ക്യാമ്പുകളിൽ ആശയവിനിമയവും വൈദ്യുതി വിതരണവും പ്രവർത്തനക്ഷമമാണെന്ന് പാണ്ഡുരംഗ് പോൾ പറഞ്ഞു. ഭൂരിഭാഗം ആളുകളും ട്രെക്കിംഗിനോ അത്താഴത്തിന് പോയ സമയത്തായിരുന്നു സംഭവം, ”അദ്ദേഹം പറഞ്ഞു.

പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന (എന്‍ ഡി ആര്‍എഫ്), സുരക്ഷാ സേന എന്നീ ഏജന്‍സികള്‍ ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു കശ്മീര്‍ പൊലീസ് ഐ ജി വിജയ് കുമാര്‍ പറഞ്ഞു. ” പരുക്കേറ്റവരെ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യുന്നു. സ്ഥിതി നിയന്ത്രണവിധേയമാണ്,” മരിച്ചവരെ തിരിച്ചറിയാനുണ്ടെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും പറഞ്ഞു. താൻ ജമ്മു കശ്മീർ എൽ-ജി മനോജ് സിൻഹയുമായി സംസാരിച്ചതായും സ്ഥിതിഗതികൾ വിലയിരുത്തിയതായും മോദി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം, അമര്‍നാഥ്തീര്‍ഥാടകരുടെ സുരക്ഷയില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ആശങ്ക പ്രകടിപ്പിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jk cloudburst near amarnath cave rescue operations underway