ശ്രീനഗർ: നിയന്ത്രണ രേഖയ്ക്കടുത്തുള്ള രജൗരി മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക് സന്ദീപ് താപയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ആക്രമണം. തോക്കും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണമെന്ന് സൈനിക വക്താവ് അറിയിച്ചു.

ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ട് ഉണ്ട്. രണ്ട് ദിവസം മുമ്പ് നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ തങ്ങളുടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു.

ജമ്മു ഡിവിഷനിലെ നിയന്ത്രണ രേഖയിൽ 36 മണിക്കൂറോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ ഏറ്റമുട്ടൽ. കഴിഞ്ഞ തവണ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. ഇതിന് പ്രതികാരമായി ഇന്ത്യൻ സൈന്യം പാകിസ്ഥാന് കനത്ത നാശനഷ്ടം വരുത്തിയിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം ഉണ്ടായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. മോര്‍ട്ടാര്‍ ഷെല്ലിങ് ആക്രമണമാണ് നടന്നത്.

കൃഷ്ണ ഗാരു മേഖലയില്‍ രാവിലെ ഏഴ് മണിയോടെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും വൈകിട്ട് അഞ്ചരയോടെ വെടിനിര്‍ത്തല്‍ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

വെടിവെപ്പില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. അഞ്ച് പാക് സൈനികരും അഞ്ച് ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. എന്നാല്‍ സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത ഇന്ത്യന്‍ സൈന്യം നിഷേധിച്ചു.

Read More News Stories Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook