ജമ്മു: ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് 20 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോട് അടുപ്പമുള്ളവരായി പരിഗണിക്കപ്പെടുന്ന ഇവര്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് രാജിവച്ചത്.
മുന്‍ മന്ത്രിമാരായ ജിഎം സറൂരി, വികാര്‍ റസൂല്‍, ഡോ മനോഹര്‍ ലാല്‍ ശര്‍മ, മുന്‍ എംഎല്‍എമാരായ ജുഗല്‍ കിഷോര്‍ ശര്‍മ, ഗുലാം നബി മോംഗ, നരേഷ് ഗുപ്ത, മുഹമ്മദ് അമിന്‍ ഭട്ട്, സുബാഷ് ഗുപ്ത (എല്ലാവരും മുന്‍ നിയമസഭാംഗങ്ങള്‍), പിസിസി വൈസ് പ്രസിഡന്റ് അന്‍വര്‍ ഭട്ട്, കുല്‍ഗാം ജില്ലാ ഡെവലപ്മെന്റ് കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ അനിയത്തുള്ള റാത്തര്‍ എന്നിവര്‍ രാജി സമര്‍പ്പിച്ചവരിലെ പ്രമുഖരാണ്. .
ബുദ്ഗാം ജില്ലാ പ്രസിഡന്റ് സഹിദ് ഹസന്‍ ജാന്‍, മുഖ്യമന്ത്രിയുടെ മുന്‍ രാഷ്ട്രീയ ഉപദേഷ്ടാവ് മന്‍സൂര്‍ അഹമ്മദ് ഗനായ്, എഐസിസി അംഗം എന്‍ജിനീയര്‍ മറൂഫ്, പാര്‍ട്ടി എസ്ടി സെല്‍ വൈസ് ചെയര്‍മാന്‍ ചൗധരി സോഹത് അലി, കോര്‍പ്പറേറ്റര്‍ ഗൗരവ് ചോപ്ര, ജില്ലാ ജനറല്‍ സെക്രട്ടറി അശ്വനി ശര്‍മ എന്നിവരും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു.
കേന്ദ്രഭരണപ്രദേശത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി പ്രസിഡന്റിനു കത്തെഴുതിയതായി ജി എന്‍ മോംഗയും വികാര്‍ റസൂലും സ്ഥിരീകരിച്ചു. ”മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമിക്കുന്നതെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഇപ്പോള്‍ ഏഴ് വര്‍ഷമായി. ജമ്മു കശ്മീരിലെ നേതൃത്വത്തില്‍ മാറ്റമില്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടി പദവി വഹിക്കില്ലെന്നു ഞങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു,”പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിഎ മിറിന്റെ പേര് വ്യക്തമാക്കാതെ വികാര്‍ റസൂല്‍ പറഞ്ഞു. 20 ദിവസം മുന്‍പാണ് കത്തെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ലഖിംപൂർ ഖേരി: അന്വേഷണ മേൽനോട്ടത്തിന് ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ
അതേസമയം, ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും നാളെ കത്വയില്‍ നടക്കുന്ന യോഗത്തിനു ശേഷം വിഷയം സംസാരിക്കുമെന്നും മനോഹര്‍ ലാല്‍ പറഞ്ഞു.
മിറിന്റെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് വിനാശകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ ആരോപിച്ചു.
മുന്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, പിസിസി ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, എഐസിസി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നതായും മറ്റു ചിലര്‍ നിശബ്ദരായി തുടരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി, ജമ്മു കശ്മീരിന്റെ ചുമതലയുള്ള സെക്രട്ടറി രജ്‌നി പാട്ടീല്‍ എന്നിവര്‍ക്കു കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.