ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ മെന്ധറിലെ ഭട്ടാ ദുരിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഒരു ജവാനും ഉൾപ്പെടുന്നു.
ഒക്ടോബർ 11ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. അന്ന് വെടിവയ്പ് നടത്തിയ തീവ്രവാദികളെ കണ്ടെത്താൻ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം.
സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെത്തുടർന്ന് രജൗരി-പൂഞ്ച് ദേശീയപാതയിലൂടെ ഭീംബർ ഗാലിക്കും സുരങ്കോട്ടെയ്ക്കും ഇടയിൽ വാഹന ഗതാഗതം നിർത്തിവച്ചു.
ഒക്ടോബർ 11 ന് നടന്ന ഏറ്റുമുട്ടൽ 17 വർഷത്തിനിടയിൽ നടന്ന ഏറ്റവും ഭീകരമായ ഏറ്റുമുട്ടലായിരുന്നു. 2004ലാണ് മുൻപ് ഇത്തരത്തിൽ ഏറ്റുമുട്ടലുണ്ടായത്. അന്ന് നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു.
Also Read: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; ജെയ്ഷെ മുഹമ്മദ് ടെററിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു
സേനയുടെ തിരച്ചിൽ പ്രവർത്തനം തുടരുന്നുണ്ടെന്നും തിരച്ചിൽ തൊട്ടടുത്തുള്ള രജൗരി ജില്ലയിലെ പാങ്കായി പ്രദേശത്തേക്ക് വ്യാപിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാങ്കായിൽ തീവ്രവാദികൾ സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഓഗസ്റ്റിൽ പൂഞ്ചിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ സംഘത്തിന്റെ ഭാഗമാണ് തീവ്രവാദികളെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.