ഛണ്ഡീഗഢ്: ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിനു രണ്ടാമൂഴം. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്തു. നിയമസഭാ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നിയമസഭാ കക്ഷി നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്തെങ്കിലും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. നാളെ വെെകീട്ടായിരിക്കും സത്യപ്രതിജ്ഞ.

ഹരിയാനയിൽ ജൻനായക് ജനതാ പാർട്ടിയുമായി ചേർന്നാണ് ബിജെപി സർക്കാർ രൂപികരിക്കുന്നത്. ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തു സീറ്റുകൾ നേടിയ ജെജെപിയുടെ തീരുമാനം സർക്കാർ രൂപീകരണത്തിൽ ഏറെ നിർണായകമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ജെജെപി മുമ്പോട്ട് വച്ച് മറ്റ് ആവശ്യങ്ങളും വ്യവസ്ഥകളും ബിജെപി അംഗീകരിച്ചതായാണ് റിപ്പോർട്ട്.

Also Read: ബിജെപിയിൽ ചേർന്നാൽ ജനങ്ങൾ ചെരുപ്പൂരി അടിക്കും: ഹൂഡ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മനോഹർ ലാൽ ഖട്ടാർ, ദുഷ്യന്ത് ചൗട്ടാല, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ സാനിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ജെജെപിക്ക് പുറമെ ഹരിയാന ലോഖിത് പാർട്ടി ഗോപൽ ഖണ്ഡ ഉൾപ്പടെ മറ്റു എം.എൽ.എമാരുടെ പിന്തുണയും ബിജെപിക്കുണ്ട്.

Also Read: സ്വതന്ത്രരെ പിടിക്കണം; ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി

കോൺഗ്രസിനോടും ബിജെപിയോടും അയിത്തമില്ലെന്ന് ചൗട്ടാല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ രൂപികരിക്കാൻ പിന്തുണ അറിയിച്ചുള്ള തീരുമാനം ജെജെപി സ്വീകരിച്ചത്. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇന്ന് അവകാശവാദമുന്നയിക്കും.

നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 46 സീറ്റുകളാണ്. 90 അംഗ നിയമസഭയിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. മികച്ച വിജയം നേടി ഖട്ടര്‍ സര്‍ക്കാരിനു തുടരാന്‍ സാധിക്കുമെന്ന ബിജെപി വിലയിരുത്തലിനാണ് ഹരിയാനയിലെ ജനങ്ങള്‍ തിരിച്ചടി നല്‍കിയത്. കോണ്‍ഗ്രസ് 31 സീറ്റും ജെജെപി 10 സീറ്റും നേടി. ബിജെപിയുടെ നേട്ടം 40 ലേക്ക് ചുരുങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook