ന്യൂഡൽഹി: റിലയൻസ് ആരംഭിക്കാനിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്ന 1000 വിദ്യാർത്ഥികളിൽ നിന്ന് ആദ്യ വർഷം ട്യൂഷൻ, ഹോസ്റ്റൽ ഫീസ് ഇനത്തിൽ മാത്രം ഈടാക്കുക 100 കോടി രൂപ. കേന്ദ്രസർക്കാരിന് സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഒരു വിദ്യാർത്ഥിയിൽ നിന്ന് ശരാശരി ഫീസ് 10 ലക്ഷം രൂപ.
ഇനിയും ആരംഭിക്കാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സർക്കാർ ശ്രേഷ്ഠ പദവി നൽകിയത് വലിയ വിവാദമായിരുന്നു. ആദ്യത്തെ വർഷം 38 കോടി രൂപ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി ഫീസ് ഇളവ് നൽകുമെന്നാണ് വിവരം. ഈ ഇനത്തിൽ 6.2 ലക്ഷം രൂപ ഒരു വിദ്യർത്ഥിക്ക് ഇളവ് ലഭിക്കും.
രണ്ടാം വർഷം വിദ്യാർത്ഥികളുടെ എണ്ണം 2000 ആകും. ഫീസ് വരുമാനം 208 കോടി. മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് 76 കോടി രൂപ ഫീസിളവ് നൽകും. സ്ഥാപനം ആരംഭിച്ച് 15 വർഷം തികയുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണം 10000 ആകുമെന്നാണ് വിവരം. ഈ ഘട്ടത്തിൽ ഫീസ് 1502 കോടി ആയി ഉയരും.
കഴിഞ്ഞ വർഷം ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിക്ക് അവരുടെ പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് ക്യാംപസുകളിലെ 13,758 വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച ഫീസ് വരുമാനം 467 കോടിയാണ്. ഒരു വിദ്യാർത്ഥിയിൽ നിന്ന് ശരാശരി 3.39 ലക്ഷം രൂപയാണ് ഫീസായി ഈടാക്കിയത്. 2021-22 അദ്ധ്യയന വർഷത്തോടെ വിദ്യാർത്ഥികളുടെ എണ്ണം 18000 ആക്കി ഉയർത്താൻ ബിർള ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ 890 കോടിയാവും ഫീസ് വരുമാനം. ഒരു വിദ്യാർത്ഥിയിൽ നിന്ന് 4.94 ലക്ഷം രൂപ.
ജിയോ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ വർഷത്തെ സീറ്റുകൾ ഇങ്ങിനെയാണ്. നാച്ചുറൽ സയൻസ് -300, എൻജിനീയറിങ് ആന്റ് കംപ്യൂട്ടർ സയൻസ്-250, ഹ്യുമാനിറ്റീസ്- 200, മാനേജ്മെന്റ് – 125, നിയമം – 90, മാധ്യമപ്രവർത്തനം – 60, പെർഫോമിങ് ആർട്‌സ് – 50, സ്പോർട്‌സ് സയൻസ്-80, അർബൻ പ്ലാനിങ്- 50. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വർഷത്തെ പ്രവർത്തന ചെലവ് 154 കോടി രൂപയാണ്. ഇതിൽ 90 കോടി അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വേതനമാണ്. ലോകത്തെ 500 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.