അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. തങ്ങളുടെ 90 ശതമാനം നിബന്ധനകളും ഭരണഘടനാപരമായ അവകാശമാണെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് മേവാനി പറഞ്ഞു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മേവാനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 17 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് മേവാനി കോണ്‍ഗ്രസിന് മുമ്പില്‍ വെച്ചത്. കോണ്‍ഗ്രസ് അനുകൂലമായാണ് പ്രതികരിച്ചത്. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ നവസര്‍ജന്‍ യാത്രയില്‍ രാഹുലിനൊപ്പം മേവാനി പങ്കെടുത്തു.

ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായി അദ്ദേഹം ചര്‍ച്ച നടത്തിയത്. അതേ സമയം ഗുജറാത്തിലെ മറ്റൊരു യുവ നേതാവിനെ കൂടി കൂടെ നിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. ജന്‍ അധികാര്‍ മഞ്ച് നേതാവും 27കാരനുമായ പ്രവീണ്‍ റാമുമായി സംസ്ഥാന പി.സി.സി അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കിയും അശോക് ഗെലോട്ടും കൂടിക്കാഴ്ച നടത്തി.

പ്രവീണ്‍ അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമര രംഗത്തുള്ള പ്രവീണ്‍ റാമിനെ കൂടെ നിര്‍ത്തിയാല്‍ സംസ്ഥാനത്തെ 4.5 ലക്ഷം വരുന്ന യുവ ജീവനക്കാരുടേയും 10 ലക്ഷത്തോളം വരുന്ന കരാര്‍ ജീവനക്കാരുടെയും പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ