യുവഹങ്കർ റാലിയിൽ ഭരണകക്ഷിയായ ബി ജെപിക്കെതിരെ ആഞ്ഞടിച്ച് ഗുജറാത്തിൽ നിന്നുളള എം എൽ എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി.

ഭീമാ കൊറോഗാനിലും സഹറൻപൂരിലും , ദലിതർക്കെതിരെ നടത്തിയ അക്രമത്തിന്, രോഹിത് വെമുലയുടെ കൊലപാതകത്തിന് , എന്തുകൊണ്ട് ജനങ്ങൾക്ക് നിങ്ങൾ വാഗ്‌ദാനം ചെയ്ത ജോലി കിട്ടുന്നില്ല തുടങ്ങിയ ചോദ്യങ്ങൾക്ക്  പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം പറയണമെന്ന് ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. ദലിത് നേതാവും ഗുജറാത്തിൽ നിന്നുളള എം എൽ എയുമായ ജിഗ്നേഷ് ഡൽഹിയിൽ നടന്ന യുവഹുങ്കാർ റാലിയിൽ സംസാരിക്കുകയായിരുന്നു.

അഴിമതി, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ യഥാർത്ഥവിഷയങ്ങളെ മൂടി വെയ്ക്കുകയും ഘർവാപസി, ലവ് ജിഹാദ്, പശു തുടങ്ങിയ വിഷയങ്ങൾക്കാണ് ഇടം നൽകുന്നത്. ഞങ്ങൾ ലവ് ജിഹാദിൽ വിശ്വസിക്കുന്നില്ല. എന്നാൽ പ്രണയത്തിൽ വിശ്വസിക്കുന്നു. “ഞങ്ങൾ ഭരണഘടനയിൽ വിശ്വസിക്കുന്നു. അത് സംരക്ഷിക്കപ്പെടണം.  നിങ്ങൾക്ക് എന്നെ എത്രവേണമെങ്കിലും ആക്രമിക്കാം. പക്ഷേ, ഞാൻ ഭരണഘടനയിൽ ഉറച്ചു നിൽക്കും. മോദിജി ഞാൻ അങ്ങയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുളള എം എൽ എയാണ് കുറഞ്ഞ പക്ഷം എന്നെ കേൾക്കാനെങ്കിലും തയ്യാറാകണം,” മേവാനി പറഞ്ഞു.

ഗുജറാത്തിൽ പ്രതീക്ഷകൾ തകർന്ന്  കഷ്ടിച്ച് ജയിച്ചത് ബി ജെപിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഹാർദിക് പട്ടേലും അൽക്കേഷ് കുമാറും ജിഗ്നേഷ് മേവാനിയും ചേർന്നാണ്  150 സീറ്റെന്ന് ബി ജെപിയുടെ ലക്ഷ്യത്തെ ഗുജറാത്തിൽ തകർത്തത്. അതിനാലാണ് ഞാൻ അവരുടെ ലക്ഷ്യം ആകുന്നതെന്നും മേവാനി അഭിപ്രായപ്പെട്ടു.

ജെ എൻ യുവിലെ വിദ്യാർത്ഥി നേതാക്കളായ കനയ്യ കുമാർ, ഷെഹ്‌ലാ റാഷിദ്, ഉമർ ഖാലിദ്,, അസ്സമിലെ കർഷക നേതാവ് അഖിൽ ഗഗോയി എന്നിവർ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നും വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾക്കും ഉപജീവനമാർഗത്തിനും ലിംഗനീതിക്കും വേണ്ടി നടത്തിയതാണ് റാലി.

ഉത്തർപ്രദേശിലെ സഹറൻപൂരിലെ താക്കൂർ ദലിത് സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ചന്ദ്രശേഖർ ആസാദിനെ  അറസ്റ്റ് ചെയ്തത്

ഡൽഹി പൊലീസ് ജിഗ്നേഷിനും കൂട്ടർക്കും റാലി നടത്താനുളള അനുമതി നിഷേധിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്രെ തീരുമാന പ്രകാരം ജന്തർ മന്ദറിൽ പ്രകടനങ്ങൾ അനുവദിക്കാൻ പാടില്ലെന്നായിരുന്നു പൊലീസ് നിലപാട്, എന്നാൽ പാർലമെന്ര് സ്ട്രീറ്റിലാണ് പ്രകടനം നടത്തുന്നതെന്നായിരുന്നു സംഘാടകർ വ്യക്തമാക്കിയത്. “നിർഭാഗ്യകരമെന്ന് പറയട്ടെ, ജനാധിപത്യപരവും സമാധാനപരവുമായി പ്രകടനം നടത്തുന്ന ഞങ്ങളെ സർക്കാർ ലക്ഷ്യംവെയ്ക്കുകയാണ്,  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകൾക്ക് പോലും സംസാരിക്കാൻ ഉളള അവകാശം നിഷേധിക്കപ്പെടുകയാണ്” റാലി ആരംഭിക്കുന്നതിന് മുമ്പ് ജിഗ്നേഷ് അഭിപ്രായപ്പെട്ടു.

റാലിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസിതയിലെത്തി അദ്ദേഹത്തെ കാണാനാണ് പദ്ധതി. ഒരു കൈയിൽ ഭരണഘടനയും മറുകൈയിൽ മനുസ്മൃതിയും ഉണ്ടാകും. അദ്ദേഹത്തിന്  അത് കൈമാറുകയും അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനും ആവശ്യപ്പെടുമെന്ന് സംഘാടകർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ