അഹമദാബാദ് : വഡഗാമില്‍ നിന്നും ഗുജറാത്ത് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്‍റെ യുദ്ധം മോദിക്കെതിരെ തന്നെ എന്ന് ആവര്‍ത്തിക്കുകയാണ് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിഗ്നേഷ് രൂക്ഷമായ ഭാഷയില്‍ മോദിയെ വിമര്‍ശിച്ചത്. മുന്‍പും മോദിക്കെതിരെ നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ ആവര്‍ത്തിച്ച ജിഗ്നേഷ് അതിന്‍റെ പേരില്‍ താന്‍ ഒരിക്കലും മാപ്പ് പറയില്ല എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
“മോദിയുടെ അവസ്ഥ ശോചനീയമാണ്. അപ്രസക്തനും ഉള്ളടക്കമില്ലാത്തവനുമാണ് മോദി. അദ്ദേഹം ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊക്കെകൊണ്ട് എനിക്ക് തോന്നുന്നത് അദ്ദേഹം ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയമായി എന്നാണ്. ” അഭിമുഖത്തില്‍ ജിഗ്നേഷ് മേവാനി പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം ശരിയാണെന്ന് തോന്നുന്നുണ്ടോ, വ്യക്തിപരമായി അക്രമിക്കുന്നതിന് മാപ്പുപറയുമോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘ഒരിക്കലുമില്ല’ എന്നു പറഞ്ഞ ജിഗ്നേഷ്, ‘ഇത്തരം തള്ളിക്കളയല്‍’ അര്‍ഹിക്കുന്ന വ്യക്തിത്വമാണ് മോദിയുടേത് എന്നും പറഞ്ഞു. തന്‍റെ പ്രതികരണത്തിന് ഒരിക്കലും മാപ്പുപറയില്ല എന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.
മഹാഭാരത യുദ്ധശേഷം പാണ്ഡവര്‍ ഹിമാലയത്തില്‍ പോയത് പോലെ നരേന്ദ്ര മോദിയും ഹിമാലയത്തിലേക്ക് പോകണം എന്ന് പറഞ്ഞ ജിഗ്നേഷ് മേവാനി ഇത് തന്റെ മാത്രമല്ല ഈ രാജ്യത്തെ ഭൂരിപക്ഷം യുവാക്കളുടെയും അഭിപ്രായം ആണെന്നും പറഞ്ഞു. ഇത്തരത്തില്‍ വ്യക്തികളെ കടന്നാക്രമിക്കുന്നത് തരംതാഴലല്ലേ എന്ന ചോദ്യത്തിന് ബിജെപിയും മോദിയും വിജയ് രൂപാനിയും അമിത് ഷായുമാണ് ആദ്യം തന്നോട് മാപ്പ് പറയേണ്ടത് എന്ന്‍ ജിഗ്നേഷ് പ്രതികരിച്ചു. ‘ജിഹാദികളുമായി ബന്ധമുള്ള സംഘങ്ങളാണ് തനിക്ക് കാശ് നല്‍കുന്നത്’ എന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത് എന്നും വഡഗാമില്‍ നിന്നുമുള്ള എംഎല്‍എ പറഞ്ഞു.
മണി ശങ്കര്‍ അയ്യറിനോട് മോദിക്കെതിരെ നടത്തിയ പ്രതികരണത്തിന്‍റെ പേരില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ട രാഹുല്‍ഗാന്ധി നാളെ താങ്കളോടും അതാവശ്യപ്പെട്ടാല്‍ മാപ്പ് പറയുമോ എന്നുള്ള ചോദ്യത്തിന്. ‘അത് രാഹുല്‍ഗാന്ധിയുടെ നിലപാടാണ്’ എന്നും ജിഗ്നേഷ് മറുപടി പറഞ്ഞു. ഇത് വ്യക്തിഹത്യയായി തോന്നുന്നില്ലേ എന്ന് ചോദ്യം ആവര്‍ത്തിച്ച മാധ്യമാപ്രവര്‍ത്തകയോട് ‘ഇത് മോദി ആണെന് അറിയില്ലേ, അദ്ദേഹത്തിന്‍റെ ചരിത്രം നിങ്ങള്‍ക്കറിയില്ലേ ?’ എന്ന മറുചോദ്യം ഉന്നയിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.
വസ്തുതകള്‍ നിരത്തി വിമര്‍ശിക്കൂ എന്നാവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകയോട് അത് തന്നെയാണ് താന്‍ എപ്പോഴും ചെയ്യാറുള്ളത് എന്നും ജിഗ്നേഷ് ഓര്‍മിപ്പിച്ചു. “രണ്ടു കോടി യുവാക്കള്‍ക്ക് ജോലി കൊടുക്കും എന്നാണ് മോദി വാഗ്ദാനംചെയ്തത്. നാലുവര്‍ഷമായി, എട്ടു ലക്ഷം ജനതയെ അദ്ദേഹം വഞ്ചിച്ചു. അങ്ങനെയുള്ള ഒരാള്‍ വിരമിച്ച് ഹിമാലയത്തില്‍ പോവുക തന്നെയാണ് വേണ്ടത്.” ജിഗ്നേഷ് മേവാനി പറഞ്ഞു.